അരവിന്ദ് കേജരിവാള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍; ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം

അരവിന്ദ് കേജരിവാള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍; ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിലെത്തും. രാവിലെ 11 ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇ.ഡി ചോദ്യാവലി തയ്യാറാക്കിക്കഴിഞ്ഞെന്നാണ് വിവരം. മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ കിട്ടിയതിന് തെളിവുണ്ടെന്നാണ് ഇ.ഡി പറയുന്നത്. കേസിലെ പ്രതിയായ വ്യവസായി വിജയ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യങ്ങള്‍ ഉണ്ടായേക്കും.

വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്യാനാണ് ബിജെപി പദ്ധതിയെങ്കില്‍ ജയിലിനകത്തു നിന്ന് ഡല്‍ഹിയെയും പാര്‍ട്ടിയെയും ഭരിക്കുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു.

അതേസമയം അറസ്റ്റുണ്ടായാല്‍ പ്ലാന്‍ ബി ഉണ്ടോയെന്ന ചോദ്യത്തിന് അത്തരത്തില്‍ ചര്‍ച്ചയില്ലെന്നും കേജരിവാളാണ് നേതാവെന്നും അദേഹം പ്രതികരിച്ചു. ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗജന്യ വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസവും നിര്‍ത്തലാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

മദ്യനയ ഇടപാടിലെ പ്രധാനി കേജരിവാളാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇ.ഡി ഓഫീസിന് സമീപവും ഡല്‍ഹിയിലെ പ്രധാന മേഖലകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

കേജരിവാളിനെതിരെയുള്ള നടപടികളെ 'ഇന്ത്യ' സഖ്യത്തിനെതിരെയുള്ള നീക്കമായാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. സഖ്യത്തിലെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയെന്നും അതിലെ ആദ്യ അറസ്റ്റായിരിക്കും കേജ്രിവാളിന്റേതെന്നും ആം ആദ്മി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.