ഇങ്ങനെയും ഒരു ഔട്ട്! ടൈം ഔട്ട് നിയമത്തിലൂടെ പുറത്താവുന്ന ആദ്യ താരമായി മാത്യൂസ്, നിയമം ഇങ്ങനെ

ഇങ്ങനെയും ഒരു ഔട്ട്! ടൈം ഔട്ട് നിയമത്തിലൂടെ പുറത്താവുന്ന ആദ്യ താരമായി മാത്യൂസ്, നിയമം ഇങ്ങനെ

ഡല്‍ഹി: വിജയം മാത്രം ലക്ഷ്യം കണ്ട് ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയ ശ്രീലങ്ക ബംഗ്ലദേശിനോട് തോറ്റ് സെമി കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി മാറി. എന്നാല്‍ നിര്‍ണായക സമയത്ത് എയ്ഞ്ചലോ മാത്യൂസ് പുറത്തായ രീതി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

രാജ്യാന്തര ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരാള്‍ ടൈം ഔട്ടായി പുറത്താകുന്നത്. ഏറെ പരിചയ സമ്പന്നനായ മാത്യൂസിന്റെ വിക്കറ്റ് അത്ര പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ശ്രീലങ്കയുടെ രാശി തന്നെ മറ്റൊന്നായേനെ എന്നു കരുതുന്നവരും കുറവല്ല.

മല്‍സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചതിന് കാരണമായ ടൈം ഔട്ട് നിയമത്തെക്കുറിച്ച് അറിയും മുമ്പ് സംഭവം എന്താണെന്നു നോക്കാം.

വില്ലനായത് ഹെല്‍മറ്റ്!

സദീര സമരവിക്രമയുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ ആറാമനായാണ് മാത്യൂസ് ക്രീസിലേക്ക് എത്തുന്നത്. 25ാം ഓവറിലായിരുന്നു നാടകീയ നിമിഷങ്ങള്‍ അരങ്ങേറിയത്.

ഈ ഓവറിലെ രണ്ടാം പന്തില്‍ സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ബാറ്റു ചെയ്യാനെത്തുന്നത്. എന്നാല്‍ ബാറ്റു ചെയ്യാന്‍ തയാറെടുക്കുന്നതിനിടെയാണ് തന്റെ ഹെല്‍മറ്റിന് തകരാര്‍ ഉണ്ടെന്ന് മാത്യൂസ് മനസിലാക്കുന്നത്.

തുടര്‍ന്ന് ഹെല്‍മറ്റ് എത്തിച്ചു ബാറ്റു ചെയ്യാന്‍ തയാറാവുമ്പോഴേക്കും സമയം അതിക്രമിച്ചതായി അറിയിച്ച് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ക്രീസില്‍ ബാറ്റു ചെയ്യാനെത്തിയില്ല എന്നതാണ് മാത്യൂസിന് വിനയായത്.

എന്താണ് ടൈം ഔട്ട് നിയമം!

ഒരു ബാറ്റര്‍ പുറത്തായാല്‍ രണ്ട് മിനിട്ടിനുള്ളില്‍ അടുത്ത ബാറ്റര്‍ ബാറ്റു ചെയ്യാന്‍ തയാറായി ക്രീസില്‍ ഉണ്ടാവണം എന്നതാണ് രാജ്യാന്തര ക്രിക്കറ്റിലെ നിയമം. ഈ സമയത്തിനുള്ളില്‍ ബാറ്റര്‍ ആദ്യ പന്ത് നേരിടാന്‍ തയാറായില്ലെങ്കില്‍ ടൈംഔട്ട് നിയമപ്രകാരം ബാറ്ററെ പുറത്താക്കാം. ഈ നിയമത്തിന്റെ ആനുകൂല്യമാണ് ഷക്കീബ് മാത്യൂസിനെതിരെ പ്രയോഗിച്ചത്.

ഹെല്‍മറ്റിന്റെ തകരാര്‍ ചൂണ്ടിക്കാട്ടി മാത്യൂസ് കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും എതിര്‍ടീം നായകന്‍ അപ്പീല്‍ പിന്‍വലിക്കാതെ നിമയപ്രകാരം ഒന്നും ചെയ്യാനാവില്ലെന്ന് അമ്പയര്‍മാരും ഇതെല്ലാം അമ്പയര്‍മാരുടെ കാര്യം എന്ന മട്ടില്‍ ഷക്കീബും നിന്നതോടെ മാത്യൂസിന് പവലിയനിലേക്ക് പോരേണ്ടി വരുകയായിരുന്നു.

എന്തായാലും മാന്യന്‍മാരുടെ കളി എന്നു പേരുള്ള ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേര്‍ന്നതല്ല ഇതെന്നാണ് ഒരു കൂട്ടരുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.