ഡെറാഡൂണ്‍: പന്ത്രണ്ട് ദിവസമായി ഉത്തരാഖണ്ഡിലെ സില്‍ക്യാര്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വീല്‍ഡ് സ്ട്രെച്ചറില്‍ പുറത്തെത്തിക്കാന്‍ തീരുമാനം.
നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തി വിടുന്ന പൈപ്പുകള്‍ തൊഴിലാളികളുടെ അരികില്‍ എത്തിച്ച് ഓരോ തൊഴിലാളിയെയും വീല്‍ഡ് സ്ട്രെച്ചറില്‍ പുറത്ത് എത്തിക്കാനാണ് പദ്ധതിയെന്ന് ദേശീയ ദുരന്ത പ്രതികരണ സേനാ അധികൃതര്‍ പറഞ്ഞു.
തൊഴിലാളികള്‍ ഉയരം കുറഞ്ഞ ചക്രങ്ങളുള്ള സ്ട്രെച്ചറുകളില്‍ കിടക്കും. എന്‍ഡിആര്‍എഫ് അംഗങ്ങള്‍ കയറുകള്‍ ഉപയോഗിച്ച് ഓരോ തൊഴിലാളിയെയും വലിച്ച് പുറത്ത് എത്തിക്കും.
ഇതിന് മുന്നോടിയായി 800 എം.എം വ്യാസമുള്ള പൈപ്പുകളില്‍ തടസം ഒന്നുമില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിര്‍മ്മാണാവിശിഷ്ടങ്ങള്‍ പൈപ്പിനുള്ളില്‍ കുടുങ്ങിയാല്‍ സ്ട്രെച്ചറിന്റെ നീക്കത്തെ ബാധിക്കും. തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ 800 എം.എം പൈപ്പ് പര്യാപ്തമാണന്ന് ദുരന്ത പ്രതികരണ സേനാ വൃത്തങ്ങള്‍ പറഞ്ഞു.
പൈപ്പിന് 32 ഇഞ്ച് വീതിയാണ് ഉണ്ടാവുക. ഇതിലൂടെ അനായാസം തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 50 മീറ്റര്‍ ദൂരം വരെ പൈപ്പുകള്‍ കടത്തിവിട്ടു കഴിഞ്ഞു. ഇനി 10 മീറ്റര്‍ ദൂരത്താണ് ഡ്രില്ലിങ് പൂര്‍ത്തിയാക്കാനുള്ളത്.
തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള പാത തുരക്കുന്ന സമയത്ത് ഇരുമ്പ് കഷണം തടസമായി വരികയും ഓഗര്‍ മെഷീന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇത് പ്രതിസന്ധിയായെങ്കിലും രക്ഷാ പ്രവര്‍ത്തനത്തിന് മുഴുവന്‍ അംഗങ്ങളും സജ്ജരാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഡയറക്ടര്‍ ജനറല്‍ അതുല്‍ കാര്‍വാള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.