'ആരെങ്കിലും അയച്ച കത്തില്‍ വിശദീകരണം നല്‍കേണ്ട കാര്യം സര്‍ക്കാരിനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

'ആരെങ്കിലും അയച്ച കത്തില്‍ വിശദീകരണം നല്‍കേണ്ട കാര്യം സര്‍ക്കാരിനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ് ശശികുമാര്‍ നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചതില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍.എസ് ശശികുമാര്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജനങ്ങളില്‍ കുറ്റവാസന ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആര്‍ട്ടിക്കിള്‍ 360(1) പ്രകാരം കേരളത്തില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം എന്നായിരുന്നു ഗവര്‍ണര്‍ക്കയച്ച പരാതിയുടെ ഉള്ളടക്കം.

ഗവര്‍ണര്‍ക്ക് കിട്ടുന്ന പരാതികള്‍ക്ക് സര്‍ക്കാരിന് മറുപടി അയക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയുടെ നിലപാട്. സര്‍ക്കാര്‍ അതിന് വിശദീകരണം നല്‍കുന്നത് പതിവില്ല. ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ട കാര്യം സര്‍ക്കാരിനോട് ചോദിച്ചാല്‍ മറുപടി നല്‍കാം. എന്നാല്‍ ആരെങ്കിലും അയച്ച കത്തില്‍ മറുപടി ചോദിച്ചാല്‍ വിശദീകരണം നല്‍കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ ഗവര്‍ണര്‍ മുന്‍പും സമാനമായ കാര്യം ചെയ്തിട്ടുണ്ടന്നും അത് അഭികാമ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.