പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; കാനത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു; പൊതുദര്‍ശനം പി.എസ് സ്മാരകത്തില്‍

പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; കാനത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു; പൊതുദര്‍ശനം പി.എസ് സ്മാരകത്തില്‍

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. മന്ത്രി കെ. രാജന്‍ അനുഗമിച്ചു. പട്ടത്തെ പി.എസ് സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും.
രാവിലെ പത്തോടെയാണ് നെടുമ്പാശേരിയില്‍ നിന്ന് ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഡൊമസ്റ്റിക് കാര്‍ഗോ ടെര്‍മിനലിലില്‍ നിന്ന് ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന സ്വകാര്യ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

ഉച്ചക്ക് രണ്ട് വരെയാണ് പട്ടം പി.എസ് സ്മാരകത്തിലെ പൊതുദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെപതിനൊന്നോടെ കോട്ടയത്തെ വാഴൂരിലെ വീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു അദേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം. 2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.