ചിന്താമൃതം: പിശാചിനെപ്പോലും കൂട്ടുപിടിക്കുന്ന ദൈവം

ചിന്താമൃതം: പിശാചിനെപ്പോലും കൂട്ടുപിടിക്കുന്ന ദൈവം

അമേരിക്കയിലെ ഒരു റേഡിയോ നിലയത്തിലേക്ക് ഒരു വൃദ്ധ ഫോൺ ചെയ്ത് ദൈവത്തോട് പറഞ്ഞ് കുറെ ഭക്ഷണ സാധനങ്ങൾ അടിയന്തിരമായി എത്തിക്കണം എന്നാവശ്യപ്പെട്ടു. ഇത് ലൈവായി കേട്ട ഒരു നിരീശ്വരവാദിയായ വ്യാപാരി ആ സ്ത്രീയുടെ ദൈവ വിശ്വാസത്തെ കളിയാക്കാൻ തീരുമാനിച്ചു. തന്റെ സെക്രട്ടറിയെ വിളിച്ച് എത്രയും വേഗം ആ സ്ത്രീയുടെ വിലാസവും ഫോൺ നമ്പരും റേഡിയോ നിലയത്തിൽ നിന്ന് ശേഖരിച്ച് അവർക്ക് കുറെ ധാന്യങ്ങളും പഴവർഗ്ഗങ്ങളും ബ്രഡ്ഡും എത്തിക്കാൻ ആവശ്യപ്പെട്ടു. ഇതൊക്കെ ആര് തന്നു എന്ന് ചോദിക്കുമ്പോൾ അത് പിശാചാണ് തന്നു വിട്ടത് എന്ന് പറയണം എന്നും ചട്ടം കെട്ടി.

മുതലാളി പറഞ്ഞതനുസരിച്ച് സെക്രട്ടറി സാധനങ്ങൾ അവരുടെ വീട്ടിൽ ചെന്ന് കൈമാറി. തനിക്ക് ലഭിച്ച സാധനങ്ങൾ കണ്ട് ദൈവത്തിനും സെക്രട്ടറിക്കും നന്ദി പറഞ്ഞ് അവർ അതുമായി അകത്തേക്ക് പോകുമ്പോൾ അവരുടെ പെരുമാറ്റത്തിൽ അങ്കലാപ്പ് തോന്നിയ സെക്രട്ടറി ചോദിച്ചു, അമ്മെ ഇത് ആരാ തന്നതെന്ന് എന്തേ ചോദിക്കാത്തത്. അവരുടെ മറുപടി സെക്രട്ടറിയേയും പിന്നീട് അവരുടെ നിരീശ്വരവാദിയായ മുതലാളിയെയും അത്ഭുതപ്പെടുത്തി. അവർ പറഞ്ഞതിങ്ങനെയായിരുന്നു ദൈവത്തോട് ഞാൻ എന്തെങ്കിലും ആവശ്യപ്പെട്ടാൽ ദൈവം അത് ഏത് ചെകുത്താൻ മുഖേനയാണെങ്കിലും ഉടൻ എനിക്കെത്തിച്ച് തരും, അതുകൊണ്ട് ഞാൻ ആവശ്യപ്പെട്ട ഈ സാധനങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമേ അല്ല.

ഇതാണ് സത്യത്തിൽ വിശ്വാസം എന്നൊക്കെ പറയുന്നത്. താൻ വിശ്വസിക്കുന്ന ദൈവം തന്റെ ആവശ്യങ്ങളിൽ സഹായിക്കും എന്ന ബോധ്യം ആ അമ്മയ്ക്കുണ്ടായിരുന്നത് കൊണ്ട് അവർക്ക് ദൈവത്തിന്റെ കരുതലിൽ യാതൊരു സംശയവും തോന്നിയില്ല. നമ്മുടെ ആവശ്യങ്ങളിൽ ദൈവം ഏതെങ്കിലും തരത്തിൽ ഇടപെടും എന്ന ബോധ്യമാണ് ഉറച്ച വിശ്വാസത്തിലേക്ക് നമ്മെ നയിക്കേണ്ടത്. തകർച്ചകളുടെയും രോഗങ്ങളുടെയും പട്ടിണിയുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കാലത്ത് ദൈവത്തിന്റെ ഉറച്ച ഇടപെടൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നവർ ഇവിടെ പിടിച്ച് നിൽക്കും. അല്ലാത്തവർ നിരാശയിലേക്കും ആത്മഹത്യയിലേക്കും, ലഹരിയുടെ അടിമത്തത്തിലേക്കുമൊക്കെ കൂപ്പുകുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26