കടുവ പേടി മാറാതെ വയനാട്; പശുവിനെ ആക്രമിച്ച് കൊന്നു

കടുവ പേടി മാറാതെ വയനാട്; പശുവിനെ ആക്രമിച്ച് കൊന്നു

സുല്‍ത്താന്‍ ബത്തേരി; നരഭോജി കടുവയെ പിടികൂടി പാര്‍ക്കിലേക്ക് മാറ്റിയെങ്കിലും കടുവയുടെ ഭീതി മാറാതെ വയനാട്. സുല്‍ത്താന്‍ ബത്തേരിയില്‍ ചൊവ്വാഴ്ച നാട്ടിലിറങ്ങിയ കടുവ പശുവിനെ ആക്രമിച്ചു കൊന്നു.

വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കൊന്നത്. കഴിഞ്ഞദിവസം നരഭോജി കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശമാണ് വടക്കനാട്.

ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു. പശുവിന് വെള്ളം കൊടുക്കാന്‍ ചെന്നപ്പോഴാണ് രാജുവിന്റെ ബന്ധു വിനോദ് കടുവ പശുവിനെ ആക്രമിക്കുന്നതു കണ്ടത്. വിനോദ് വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനകള്‍ക്ക് ശേഷം കടുവയാണ് ആക്രമിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കടുവയെ പിടികൂടുന്നതിനായി വനപാലകര്‍ പ്രദേശത്ത് രണ്ട് കാമറകള്‍ സ്ഥാപിച്ചു. അതേസമയം, കടുവയെ ഉടന്‍ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.