ചൈനീസ് ചാര ബലൂണ്‍ തായ് വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈന്‍ കടന്നു; വിമാനങ്ങളും നാവിക കപ്പലുകളും അയച്ച് തായ് വാന്റെ പ്രതിരോധം

ചൈനീസ് ചാര ബലൂണ്‍ തായ് വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈന്‍ കടന്നു; വിമാനങ്ങളും നാവിക കപ്പലുകളും അയച്ച് തായ് വാന്റെ പ്രതിരോധം

തായ്പേയ്: ചൈനയുടെ ചാര ബലൂണ്‍ തായ് വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈന്‍ കടന്നതായി റിപ്പോര്‍ട്ട്. തായ് വാന്‍ കടലിടുക്കിന്റെ മീഡിയന്‍ ലൈന്‍ കടന്ന ചാര ബലൂണ്‍ കീലുങില്‍ നിന്ന് 63 നോട്ടിക്കല്‍ മൈല്‍ അകലെ ഏകദേശം 12,000 അടി ഉയരത്തിലാണ് ഇന്നലെ കാണപ്പെട്ടതെന്ന് തായ് വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ കിഴക്കോട്ട് പോയ ബലൂണ്‍ പിന്നീട് അപ്രത്യക്ഷമായി. ഇതിന് പുറമേ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യുടെ എട്ട് വിമാനങ്ങളും മൂന്ന് കപ്പലുകളും കണ്ടെത്തിയതായി തായ് വാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. എട്ട് വിമാനങ്ങളില്‍ ഒന്ന് തങ്ങളുടെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചവെന്നും തായ് വാന്‍ വ്യക്തമാക്കി.

ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി തായ് വാന്‍ വിമാനങ്ങളും നാവിക കപ്പലുകളും അയച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങളും വിന്യസിച്ചതായി തായ് വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തായ് വാന്‍ പ്രദേശത്ത് സൈനിക വിമാനങ്ങളുടെയും നാവിക സേനയുടെയും എണ്ണം ക്രമേണ വിപുലീകരിക്കുന്ന നടപടിയാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തായ് വാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ഇതുവരെ 122 നാവിക സേനാ കപ്പലുകളും 182 സൈനിക വിമാനങ്ങളും തായ് വാനിലേക്ക് ചൈന അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.