നിര്‍ഭയയില്‍നിന്ന് ഹാത്രാസിലേക്കുള്ള ദൂരം : ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം

നിര്‍ഭയയില്‍നിന്ന് ഹാത്രാസിലേക്കുള്ള ദൂരം : ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം

ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മൃഗീയമായി കൊല്ലപ്പെട്ട 'നിര്‍ഭയ' എന്ന പെണ്‍കുട്ടി ഈ രാജ്യത്തിന്റെ കണ്ണീരാണ്. ഈ സംഭവത്തെ രാഷ്ട്രീയമായി മുതലെടുത്ത് അധികാരം പിടിച്ചവരാണ് മോദിയും സംഘവും. എന്നാല്‍ സമാനമായ ഒരു കൂട്ടമാനഭംഗത്തില്‍ യു. പി. യിലെ പെണ്‍കുട്ടി കിരാതമായി കൊലചെയ്യപ്പെട്ടപ്പോള്‍ ബി. ജെ. പി. പുലര്‍ത്തിയ കുറ്റകരമായ മൗനം രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സ്മൃതി ഇറാനിപോലും ഈ വിഷയത്തില്‍ പ്രതികരിച്ചില്ല. പരാതി ശക്തമായപ്പോള്‍ പ്രതികളെ ഉടന്‍ തൂക്കിക്കൊല്ലും എന്ന വിവരദോഷമാണ് ഈ മന്ത്രി പങ്കുവച്ചത്.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ല എന്നു കരുതാന്‍ കാരണമുണ്ട്. ഒന്നാമതായി, പെണ്‍കുട്ടിയുടെ മരണത്തിനും ശവദാഹത്തിനും ശേഷം പീഡനം നടന്നിട്ടില്ല എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുമായി യു. പി. പോലീസ് രംഗത്തുവന്നത് തികച്ചും സംശയാസ്പദമാണ്. രണ്ടാമതായി, വീട്ടുകാരുടെയോ ബന്ധുക്കളുടെയോ അനുവാദമില്ലാതെ ആശുപത്രിയില്‍നിന്ന് മൃതദേഹം പോലീസ് ബലമായി കടത്തിക്കൊണ്ടുപോയി അര്‍ദ്ധരാത്രിയില്‍ ദഹിപ്പിച്ചു എന്ന വാര്‍ത്ത ഉത്തരകൊറിയയിലാണെങ്കില്‍ സ്വാഭാവികം എന്നു പറഞ്ഞു തള്ളാമായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഇതു സംഭവിച്ചെങ്കില്‍ പോലീസിന് മറച്ചുപിടിക്കാന്‍ പല ഉന്നതന്മാരുമുണ്ടെന്നു വ്യക്തമാണ്.

മൂന്നാമതായി, ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷനേതാക്കളെയെല്ലാം നിശ്ശബ്ദരാക്കാനുള്ള യോഗി സര്‍ക്കാരിന്റെ വ്യഗ്രത സംശയത്തെ ശതഗുണീഭവിപ്പിക്കുന്നുണ്ട്. പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗന്ധിയും പ്രിയങ്കാ ഗാന്ധിയും തടയപ്പെട്ടു എന്നു മാത്രമല്ല യു. പി. പോലീസ് അവരെ കാര്യമായി കൈകാര്യവും ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവില്ലാതെ രാഹുല്‍ ഗാന്ധിയുടെ നെഞ്ചിനുനേരെ സാദാ പോലീസുകാരന്റെ ബൂട്ട് ഉയരില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കാതു കുത്തിയമോദിക്കു പിന്‍ഗാമിയായി സംഘപരിവാര്‍ അവതരിപ്പിക്കുന്ന കടുക്കനിട്ട നേതാവ് യോഗിയാണെന്ന് വ്യക്തമാക്കാനാണ് ഇത്രയും എഴിതിയത്.

'നിര്‍ഭയ' എന്ന പെണ്‍കുട്ടിയുടെ ദാരുണ മരണത്തില്‍ പ്രതിഷേധിക്കാനെങ്കിലും രാജ്യത്ത് അവകാശമുണ്ടായിരുന്നു. ഹാത്രാസില്‍ അതുപോലും നിഷേധിക്കപ്പെട്ടു. യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ലക്ഷത്തിന്റെ കൊലപ്പണമല്ല തെറ്റിനെ തെറ്റെന്നു വിളിക്കാനുള്ള സ്വാതന്ത്ര്യമാണ് രാജ്യത്തിന് ആവശ്യം

ടി പി ജോസ് 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.