യെമനിലെ യു.എസ്, യു.കെ സംയുക്ത ആക്രമണം: രക്ഷാസമിതി യോഗം ഉടന്‍; ഹൂതികളെ ന്യായീകരിക്കാനാവില്ലെന്ന് യു.എന്‍

യെമനിലെ യു.എസ്, യു.കെ സംയുക്ത ആക്രമണം: രക്ഷാസമിതി യോഗം ഉടന്‍; ഹൂതികളെ ന്യായീകരിക്കാനാവില്ലെന്ന്  യു.എന്‍

വാഷിങ്ടണ്‍:യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ സ്ഥിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. അന്താരാഷ്ട്ര കപ്പലുകള്‍ക്കെതിരായ ഹൂതി ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നും അന്റോണിയോ ഗുട്ടെറെസ് വ്യക്തമാക്കി.

പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ യോഗം ചേരുന്നുണ്ട്. ഹൂതികള്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ പ്രമേയം പാസാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും യോഗം ചേരുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുന്ന രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകരുതെന്നും അദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാത്രി യെമെനിലെ ഒരു ഡസന്‍ ഹൂതികേന്ദ്രങ്ങളാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സേനകള്‍ ചേര്‍ന്ന് ആക്രമിച്ചത്. യു.എസ് പടക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ ആക്രമണത്തില്‍ പങ്കെടുത്തു.

കപ്പലുകളില്‍നിന്ന് പറന്നുയര്‍ന്ന പോര്‍വിമാനങ്ങളും ടൊമാഹാക് മിസൈലുകളും ഹൂതികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍, വ്യോമതാവളം, ആയുധ സംഭരണശാല എന്നിവ തകര്‍ത്തു. ബ്രിട്ടീഷ് വ്യോമസേനയുടെ സൈപ്രസിലെ വ്യോമതാവളത്തില്‍ നിന്നെത്തിയ നാല് പോര്‍ വിമാനങ്ങളും ആക്രമണത്തില്‍ പങ്കാളികളായി.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരേയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഹൂതികള്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം കടുപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ പല കപ്പല്‍പ്പാതകളിലൂടെയുമുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്നാണ് ഹൂതികളുടെ ഭീഷണി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.