ന്യൂഡല്‍ഹി: ജൂലൈ മാസത്തോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുന്ന കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡും ഇന്നലെ ഒപ്പുവച്ചു. ആറുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം.
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കരാറനുസരിച്ച് അദാനി ഗ്രൂപ്പ് ആഭ്യന്തര യാത്രക്കാര്‍ക്ക് 168 രൂപ വീതവും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 336 രൂപ വീതവും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പാസഞ്ചര്‍ ഫീസ് നല്‍കണം.
എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍.വി സുബ്ബരായുഡുവും അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒ ബെഹ്നദ് സന്തിയുമാണ് കരാറില്‍ ഒപ്പിട്ടത്. ഇന്നലെ ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ആസ്ഥാനത്ത് ചെയര്‍മാന്‍ അരവിന്ദ് സിംഗ്, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.
തിരുവനന്തപുരത്തിനൊപ്പം ഗോഹട്ടി, ജയ്പൂര്‍ വിമാനത്താവളങ്ങളും അദാനിക്ക് കൈമാറി. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പിട്ടിരുന്നു. മംഗലാപുരം, ലക്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങള്‍ കഴിഞ്ഞവര്‍ഷം അദാനിക്ക് കൈമാറിയിരുന്നു. ഇതോടെ രാജ്യത്ത് ആറ് വിമാനത്താവളങ്ങളുടെനടത്തിപ്പ് അദാനി ഗ്രൂപ്പിനായി.
സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജി 2019 ഡിസംബര്‍ 18ന് കേരള ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഗോഹട്ടി വിമാനത്താവള കൈമാറ്റത്തിനെതിരെയും കോടതിയില്‍ കേസുണ്ട്. വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍,റായ്പൂര്‍, ഇന്‍ഡോര്‍, തിരുച്ചി വിമാനത്താവളങ്ങളും സ്വകാര്യവല്‍കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.