പേര് വഷളച്ചീര, ഗുണത്തിന്റെ കാര്യത്തില്‍ മിടുമിടുക്കന്‍!

പേര് വഷളച്ചീര, ഗുണത്തിന്റെ കാര്യത്തില്‍ മിടുമിടുക്കന്‍!

കേരളത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒരു ഇലക്കറിയാണ് വള്ളിച്ചീര എന്നറിയപ്പെടുന്ന വഷളച്ചീര. ഒരു തൈ നട്ടാല്‍ അധികം പരിചരണമൊന്നും ആവശ്യമില്ലാതെ തഴച്ച് വളരും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വേലിയിലോ പന്തലില്‍ പടര്‍ത്തിവിട്ടോ വളര്‍ത്തിയെടുക്കാം. എന്നാല്‍ പേര് പോലെ വഷളനല്ല വഷളച്ചീര. നിറയെ പോഷക ഗുണങ്ങളടങ്ങിയ ചെടിയാണിത്.

ചുവപ്പ്, പച്ച നിറങ്ങളിലാണ് വഷളച്ചീര പ്രധാനമായും കാണപ്പെടുന്നത്. ഇതില്‍ ചുവപ്പ് നിറത്തിലുള്ളതാണ് ഏറെ സുലഭമായി ലഭിക്കുന്നത്. വിറ്റാമിന്‍ എ, സി, അയണ്‍, കാത്സ്യം, പ്രോട്ടീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കലവറയാണ് വള്ളിച്ചീര. വള്ളിച്ചീരയുടെ ഇലയും തണ്ടും ഭക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇലയും തണ്ടും ഉപയോഗിച്ച് തോരന്‍, സാമ്പാര്‍ എന്നീ വിഭവങ്ങള്‍ തയ്യാറാക്കാം. ഇല ഉപയോഗിച്ച് ബജിയും തയ്യാറാക്കാം.

വള്ളിച്ചീര നട്ട് ആറാഴ്ചയ്ക്കുള്ളില്‍ തന്നെ നമുക്ക് വിളവെടുക്കാവുന്നതാണ്. വാത പിത്തരോഗങ്ങള്‍, പൊള്ളല്‍, അര്‍ശസ്, ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഒരു പ്രതിവിധി എന്നോണം വള്ളിച്ചീര ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊള്ളലിന്റെയും മുറിവിന്റെയും പാടുകള്‍ മാറാന്‍ വള്ളിച്ചീര സഹായിക്കും. ഇലയും തണ്ടും നന്നായി അരച്ച് പൊള്ളലിന്റെ പാടുകളുള്ള ഭാഗത്ത് പുരട്ടിയാല്‍ മതിയാകും.

വളരെ മൃദുവായ ഇലകളാണ് വള്ളിച്ചീരക്കുള്ളത്. അതുകൊണ്ടു തന്നെ പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വള്ളിച്ചീര പാകം ചെയ്യാന്‍ വെള്ളത്തിന്റെ ആവശ്യവുമില്ല. അഞ്ച് മിനുട്ടിനുള്ളില്‍ പാകം ചെയ്യാന്‍ കഴിയുന്ന ഒരു വിഭവമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.