ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാ
ൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) ലീഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. രാജ്യവ്യാപകമായ അക്രമ സംഭവങ്ങൾക്കും മൊബൈൽ നെറ്റ് വർക്ക് വിച്ഛേദനത്തിനും ഇടയിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ചോടെ വോട്ടെടുപ്പ് അവസാനിച്ചിരുന്നെങ്കിലും വോട്ടെണ്ണല്‍ വളരെ വൈകി ആരംഭിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് വഴിവച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് (പ്രാദേശിക സമയം) ആദ്യ ഔദ്യോഗിക ഫലം പുറത്തുവന്നത്. നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗിന്റെ പ്രധാനശക്തി കേന്ദ്രമായ പഞ്ചാബ് പ്രവിശ്യയിൽ പി ടി ഐ പിന്തുണയുള്ള സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നതായാണ് ആദ്യഘട്ട റിപ്പോർട്ടുകൾ. ഒപ്പം ഖൈബർ പക്തൂൺക്വ (കെപികെ) മേഖലയിലും പിടിഐക്കാണ് മുന്നേറ്റം. പി ടി ഐ നേതാവായ ഇമ്രാൻ ഖാനും പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയിലെ നേതാക്കൾ സ്വതന്ത്രരായാണ് മത്സരിച്ചത്.
വോട്ടെണ്ണൽ വേഗത്തിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തിരഞ്ഞെടുപ്പിനിടയിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധയിടങ്ങളിലായി വ്യാഴാഴ്ച 12 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും 39 പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.
13 കോടി വോട്ടർമാരാണ് പതിനാറാമത് നാഷനൽ അസംബ്ലിയിലേക്ക് 266 എം.പിമാരെ തിരഞ്ഞെടുക്കുന്നത്. കേവല ഭൂ രിപക്ഷത്തിന് 134 സീറ്റ് വേണം. 167 അംഗീകൃത രാഷ്ട്രീയ പാർ ട്ടികളിലെ സ്ഥാനാർഥികളും സ്വ തന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പാർലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.