ഡോ. എം.എസ് സ്വാമിനാഥന്‍: ഭാരത രത്ന കിട്ടുന്ന ആദ്യ മലയാളി; ഹരിത വിപ്ലവത്തിന്റെ പിതാവ്, ഇന്ത്യയുടെ വിശപ്പകറ്റിയ മനുഷ്യന്‍

ഡോ. എം.എസ് സ്വാമിനാഥന്‍: ഭാരത രത്ന കിട്ടുന്ന ആദ്യ മലയാളി; ഹരിത വിപ്ലവത്തിന്റെ പിതാവ്, ഇന്ത്യയുടെ വിശപ്പകറ്റിയ മനുഷ്യന്‍

കൊച്ചി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം നേടിയ ഡോ. എം.എസ് സ്വാമിനാഥന്‍ മലയാളിയാണന്നതില്‍ കേരളത്തിനും അഭിമാനിക്കാം. കഴിഞ്ഞ സെപ്റ്റംബറില്‍ അന്തരിച്ച അദേഹത്തിന് മരണാന്തര ബഹുമതിയായാണ് ഭാരത രത്ന നല്‍കുന്നത്.

ആലപ്പുഴക്കാരനായ മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്ന എം.എസ് സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ കര്‍ഷകരെ കൂടുതല്‍ വിളവ് ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തരാക്കുന്ന ഉയര്‍ന്ന വിളവ് തരുന്ന നെല്ലിനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഡോ. സ്വാമിനാഥന്‍ സുപ്രധാന പങ്കാണ് വഹിച്ചത്.

ആലപ്പുഴ കുട്ടനാട്ടിലെ മങ്കൊമ്പില്‍ തറവാടുള്ള സ്വാമിനാഥന്‍ 1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. മദ്രാസ് സര്‍വകലാശാലയില്‍ കാര്‍ഷിക പഠനത്തിന് ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി ഇന്ത്യയില്‍ തിരിച്ചെത്തി.

പിന്നീട് ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന സ്വാമിനാഥന്‍ അവിടെ നിന്നാണ് വന്‍തോതില്‍ വിളവു നല്‍കുന്ന വിത്തിനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ കാര്‍ഷിക മുഖച്ഛായ മാറ്റുന്ന യാത്രയുടെ തുടക്കമായിരുന്നു ഇത്.

ലോകത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുക എന്നതായിരുന്നു അദേഹത്തിന്റെ മുഖ്യ ലക്ഷ്യം. സുസ്ഥിര വികസനത്തിന്റെയും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും വക്താവായ അദേഹത്തെ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം സാമ്പത്തിക പരിസ്ഥിതിയുടെ പിതാവെന്ന വിശേഷണം നല്‍കി.

1987 ല്‍ ആദ്യത്തെ ലോക ഭക്ഷ്യ പുരസ്‌കാരം കരസ്ഥമാക്കിയ അദേഹം ചെന്നൈയില്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. നിലനില്‍ക്കുന്ന കൃഷി രീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം വിപുലമാക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വലിയ സംഭാവനകളാണ് പില്‍ക്കാലത്ത് നല്‍കിയത്.


കുട്ടനാട് മങ്കൊമ്പിലെ ഡോ. എം. എസ്. സ്വാമിനാഥന്റെ തറവാട്

സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള സംഘം കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗോതമ്പിന്റെയും നെല്ലിന്റെയും പുതിയ വിത്തിനങ്ങള്‍ കൃഷി ചെയ്തത് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു. വന്‍തോതില്‍ വിളവ് തരുന്ന ഈ കണ്ടുപിടിത്തം രാജ്യത്തെ കര്‍ഷകര്‍ വ്യാപകമായി സ്വീകരിച്ചു.

ഇത് ഹരിത വിപ്ലവത്തിലേക്ക് നയിക്കുകയും ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയും ദാരിദ്ര്യ നിര്‍മാര്‍ജനം ഒരു പരിധിവരെ സാധ്യമാക്കുകയും ചെയ്തു. ഇന്ത്യയുടെ വിശപ്പകറ്റിയ മനുഷ്യന്‍ എന്ന വിശേഷണത്തിന് സ്വാമിനാഥന്‍ അര്‍ഹനായത് ഇങ്ങനെയാണ്.

തിളക്കമാര്‍ന്ന തന്റെ ഔദ്യോഗിക ജീവിതത്തിനിടെ നിരവധിയായ അംഗീകാരങ്ങളും ആദരവുകളും സ്വാമിനാഥനെ തേടിയെത്തിയത് സ്വാഭാവികം. രാഷ്ട്രം പത്മഭൂഷണും പത്മവിഭൂഷണുമൊക്കെ നല്‍കിയ സ്വാമിനാഥന് വേള്‍ഡ് ഫുഡ് പ്രൈസും ലഭിച്ചു. റോയല്‍ സൊസൈറ്റി ഫെലോ ആയി അംഗീകാരം ലഭിക്കുകയും അമേരിക്കന്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗമാവുകയും ചെയ്തു.

1999 ല്‍ ടൈമിന്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യന്‍ പ്രമുഖരുടെ പട്ടികയില്‍ മഹാത്മ ഗാന്ധിക്കും രവീന്ദ്രനാഥ ടാഗോറിനും ശേഷം വന്ന ഇന്ത്യക്കാരനായിരുന്നു അദേഹം. ശാന്തി സ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ്, രമണ്‍ മഗ്സസെ അവാര്‍ഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വേള്‍ഡ് സയന്‍സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും സ്വാമിനാഥന് ലഭിച്ചിട്ടുണ്ട്.

ദേശീയ കര്‍ഷക കമ്മീഷന്‍ അധ്യക്ഷനായി സേവനമനുഷ്ടിച്ച അദേഹം 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും 1982 മുതല്‍ 1988 വരെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടര്‍ ജനറലായിരുന്നു. 1979 ല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സ്വാമിനാഥന്‍ സേവനമനുഷ്ഠിച്ചു.

'പാരിസ്ഥിതിക ദോഷങ്ങളില്ലാതെ ശാശ്വതമായ ഉല്‍പാദനക്ഷമത' എന്ന തന്റെ കാഴ്ചപ്പാടിനെ വിവരിക്കാന്‍ 1990 ല്‍ അദ്ദേഹം ഉപയോഗിച്ച പദമാണ്' നിത്യഹരിത വിപ്ലവം'. 2007 നും 2013 നും ഇടയില്‍ ഒരു തവണ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

അക്കാലത്ത് ഇന്ത്യയിലെ സ്ത്രീ കര്‍ഷകരെ അംഗീകരിക്കുന്നതിനുള്ള ഒരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടു വന്നതും അദേഹത്തിന്റെ നേട്ടമാണ്. 98-ാം വയസില്‍ ചെന്നൈയിലെ വസതിയില്‍ വച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് ഡോ. എം.എസ് സ്വാമിനാഥന്‍ അന്തരിച്ചത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.