കുഞ്ഞുമേരി എങ്ങനെ വിജനമായ സ്ഥലത്തെത്തി? രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി

കുഞ്ഞുമേരി എങ്ങനെ വിജനമായ സ്ഥലത്തെത്തി? രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി

തിരുവനന്തപുരം: നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെ കാണാതായ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. 19 മണിക്കൂര്‍ നീണ്ട ആശങ്കയ്ക്കൊടുവില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ പൊലീസ് ഇന്നലെ രാത്രി കണ്ടെത്തിയത്. എന്നാല്‍ കുട്ടി എങ്ങനെ അവിടെ എത്തി എന്നതില്‍ വ്യക്തതയില്ല. കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പോറലുകളൊന്നും ഇല്ലാത്തതിനാല്‍ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ബീഹാര്‍ സ്വദേശിനിയായ മേരി എന്ന രണ്ട് വയസുകാരിക്കായി കേരളമാകെ നെഞ്ചിടിപ്പോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു. രാത്രി 7.39 ന് പേട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഡിസിപി നിതിന്‍ രാജാണ് കുട്ടിയെ കണ്ടെത്തി എന്ന ആശ്വാസ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവച്ചത്. പ്രദേശത്ത് പരിശോധന നടത്തിയ പൊലീസുകാര്‍ തന്നെയാണ് കൊച്ചുവേളിയില്‍ കാട് വളര്‍ന്ന് മറഞ്ഞ നിലയിലുള്ള ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധനകള്‍ നടത്താനൊരുങ്ങുകയാണ് പൊലീസ്. കുട്ടി നടന്നു പോകാനുള്ള സാധ്യതകള്‍ തള്ളി കളയാനാവില്ലെന്നും കുട്ടിയെ ആരെങ്കിലും ഇവിടെ ഉപേക്ഷിച്ചു പോയതാണോ തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ എസ്.ടി ആശുപത്രിയില്‍ ചികിത്സയിലാണ് രണ്ട് വയസുകാരി.

ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂര്‍ കുഞ്ഞിനെ നിരീക്ഷണത്തില്‍ വച്ച ശേഷം ആരോഗ്യ സ്ഥിതിയില്‍ പ്രശ്നങ്ങളില്ലെങ്കില്‍ കുഞ്ഞിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് വിവരങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസിന്റെ നീക്കം. ഇത് കേസിന് നിര്‍ണായ തെളിവാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ സിഡബ്ല്യസി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

തട്ടിക്കൊണ്ടുപോകല്‍ ആണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കിയാണ്. വിശദമായ അന്വേഷണത്തിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരൂ എന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.