കെ സ്മാര്‍ട്ടിലൂടെ കരമടയ്ക്കാന്‍ നോക്കിയപ്പോള്‍ ഞെട്ടി! സ്വന്തം വീട് അയല്‍വാസിയുടെ പേരില്‍

 കെ സ്മാര്‍ട്ടിലൂടെ കരമടയ്ക്കാന്‍ നോക്കിയപ്പോള്‍ ഞെട്ടി! സ്വന്തം വീട് അയല്‍വാസിയുടെ പേരില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ടിലൂടെ ഓണ്‍ലൈനായി പണമടയ്ക്കാന്‍ നോക്കിയ ഇടപ്പള്ളി സ്വദേശി കൃഷ്ണന് കിട്ടിയത് എട്ടിന്റെ പണി. സ്വന്തം വീട് അയല്‍വാസിയുടെ പേരില്‍. ഉടനെ കോര്‍പ്പറേഷന്റെ മേഖലാ ഓഫീസില്‍ എത്തി അന്വേഷിച്ചെങ്കിലും അവിടെ നിന്ന് കിട്ടിയ മറുപടിയും നിരാശയായിരുന്നു. സോഫ്റ്റ് വെയറില്‍ ഒന്നും ചെയ്യാനാവില്ല. ചതിച്ചത് കെ സ്മാര്‍ട്ടാണെന്ന്.

തദേശ സ്ഥാപന സേവനങ്ങളെ ഡിജിറ്റൈസ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ നടപ്പാക്കിയ സംവിധാനത്തില്‍ ഡാറ്റാ എന്‍ട്രി നടത്തിയ ജീവനക്കാര്‍ക്ക് പറ്റിയ പിഴവാണ് ഇതിന് കാരണം. പുതിയ പദ്ധതി ആയതിനാല്‍ പിഴവുകള്‍ പരിഹരിക്കുമെന്നും സേവനങ്ങള്‍ നേരിട്ട് നല്‍കുമെന്നും ആശങ്ക വേണ്ടെന്നുമാണ് മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ പറയുന്നത്. അടുത്ത മാസത്തോടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് സൂചന.

കെ സ്മാര്‍ട്ടില്‍ എഡിറ്റിങ് ഓപ്ഷന്‍ ഇല്ലാത്തതാണ് പ്രശ്‌നം. ഇതില്ലാതെ സോഫ്റ്റ്‌വെയറില്‍ തിരുത്തല്‍ സാധ്യമല്ല. ഇത് എന്ന് ആക്ടിവേറ്റ് ആകുമെന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. ഓണ്‍ലൈന്‍ സേവനം തേടുന്നവരും നേരിട്ട് കോര്‍പ്പറേഷന്‍ കൗണ്ടറുകളില്‍ പണം അടയ്ക്കാനെത്തുന്നവരുമാണ് വീടിന്റെ ഉടമസ്ഥത മാറിയത് അറിഞ്ഞ് പ്രതിഷേധിക്കുന്നത്.

അതേസമയം പേര് മാറിയവര്‍ക്ക് സ്വന്തം പേരില്‍ കരം അടയ്ക്കണമെങ്കില്‍ തല്‍കാലം ഇനി ബില്‍ കളക്ടര്‍മാര്‍ക്ക് പണം നല്‍കി രസീത് എഴുതുക മാത്രമാണ് ഏക പോംവഴി. വസ്തു വില്‍ക്കാനും ബാങ്ക് വായ്പയ്ക്കും ശ്രമിക്കുന്നവരാണ് നെട്ടോട്ടം ഓടേണ്ടി വരിക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.