സര്‍ക്കാരിന് തിരിച്ചടി: സര്‍വകലാശാലാ നിയന്ത്രണത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചു

 സര്‍ക്കാരിന് തിരിച്ചടി: സര്‍വകലാശാലാ നിയന്ത്രണത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചവയില്‍ മൂന്ന് ബില്ലുകളുടെ അനുമതി തടഞ്ഞുവച്ചതായി രാജ്ഭവന്റെ വാര്‍ത്താക്കുറിപ്പ്. ലോകായുക്ത ഭേദഗതി ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്.

പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാനാവുന്ന പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുള്ള ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. 2022 ഓഗസ്റ്റ് 30 ന് നിയമസഭ പാസാക്കിയെങ്കിലും തടഞ്ഞുവച്ചിരുന്ന ബില്‍ കഴിഞ്ഞ നവംബറിലാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്.

ഗവര്‍ണറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിവാക്കുന്ന കേരള യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ (ഭേദഗതി 2) 2022, യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ 2022, യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ 2021 എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്. ഇതോടെ സര്‍വകലാശാലകളുടെ നിയന്ത്രണത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് അനുമതി ലഭിച്ചത്. മൂന്ന് ബില്ലുകളില്‍ തീരുമാനം എടുത്തിട്ടില്ല.

ബില്ലുകളില്‍ ഒപ്പിടാത്തതിന് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് രാഷ്ട്രപതിക്ക് ബില്‍ അയച്ചത്. 1999 ല്‍ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അതിനാല്‍ ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി വേണമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ബില്‍ നിയമമായാല്‍ സര്‍ക്കാരിന് സ്വന്തം കേസില്‍ വിധി പറയാന്‍ സാഹചര്യമുണ്ടാവുമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും വിലയിരുത്തിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.