കനത്ത മഴക്ക് സാധ്യത; അനാവശ്യ യാത്രകള്‍ ഒഴിവാക്കൂ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി യുഎഇ

കനത്ത മഴക്ക് സാധ്യത; അനാവശ്യ യാത്രകള്‍ ഒഴിവാക്കൂ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി യുഎഇ

ദുബായ്: ഇന്ന് മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും. ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിയടിച്ചതിന് പിന്നാലെ ഇടിയും മിന്നലും കനത്ത മഴയും തുടരുകയാണ്. ചൊവ്വാഴ്ച ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഇടിയും മിന്നലും മഴയും ആലിപ്പഴവും ഉണ്ടായിരുന്നു. അല്‍ ഐനിലെ ചിലയിടങ്ങളില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച ഉച്ച വരെ കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ് വീശുന്നത് റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിവതും വീടുകളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വെള്ളം നിറയുന്ന വാദികളില്‍ നിന്നും മറ്റ് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലിപ്പഴം വീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യണമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്ന് മുതല്‍ ഇടിയോടു കൂടിയ കനത്ത മഴ തുടങ്ങും. നാളെ അർധരാത്രി വരെ കാലാവസ്ഥ മോശമായി തുടരും. അൽ ദഫ്ര, അൽ ഐൻ മേഖലയിലാണ് ആദ്യം മഴ എത്തുക. പിന്നീട് അബുദാബിയിലും അതിനു ശേഷം ദുബായിലേക്കും വ്യാപിക്കും. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലോ താഴ്‌വാരങ്ങളിൽ മലയോരങ്ങളിലോ വാഹനം പാർക്ക് ചെയ്യരുത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അസ്ഥിര കാലാവസ്ഥയിൽ സുരക്ഷിതമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും തീരുമാനിച്ചു. മഴ പെയ്യുമ്പോൾ വാദികളിൽ കുളിക്കുക, താഴ്‌വാരങ്ങളിൽ വാഹനമോടിക്കുക, ഡാമുകളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും കാഴ്ചക്കാരായി പോവുക തുടങ്ങിയ കാര്യങ്ങൾ ഗുരുതര കുറ്റമായി കണക്കാക്കും, 1000 ദിർഹം വരെ പിഴ ലഭിക്കും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ സാഹസിക പ്രകടനം നടത്തുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കുന്നതിനു പുറമെ രണ്ടു മാസത്തേക്കു വാഹനം പിടിച്ചെടുക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.