യുഎഇയിൽ കനത്ത മഴ, വെള്ളക്കെട്ട്; ന​ഗരങ്ങൾ നിശ്ചലമായി; റോഡ്-വ്യോമ ​ഗതാ​ഗതം തടസപ്പെട്ടു

യുഎഇയിൽ കനത്ത മഴ, വെള്ളക്കെട്ട്; ന​ഗരങ്ങൾ നിശ്ചലമായി; റോഡ്-വ്യോമ ​ഗതാ​ഗതം തടസപ്പെട്ടു

ദുബായ്: യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇടമിന്നലോടു കൂടിയ ശക്തമായ മഴയും വെള്ളക്കെട്ടും. അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധ്യമാവുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ വിദൂര ജോലി അനുവദിക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ശക്തമായ മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ന​ഗരങ്ങൾ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. ദുബായ് വഴിയുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. ഷാർജ റോളയിൽ മരം കടപുഴകി വീണു. ദുബായിലെ ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി. മെട്രോ സർവ്വീസിനെ മഴ ബാധിച്ചില്ലെങ്കിലും ബസ് സർവ്വീസുകൾ പലയിടത്തും മുടങ്ങി. എല്ലാ ബോട്ട് സർവ്വീസുകളും താൽക്കാലികമായി നിർത്തിവച്ചു.

അൽഐനിൽ കടകളിലും ഷോപ്പിങ് മാളുകളിലും വെള്ളം കയറി. ദുബായിൽ ഖിസൈസ്, കറാമ, അൽനഹ്ദ എന്നിവടങ്ങളിൽ ഫ്ളാറ്റുകളിലെ പാർക്കിങ് കേന്ദ്രങ്ങളിലും വാഹനങ്ങളിലും വെള്ളം കയറി. റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകിയതോടെ റോഡുകളിൽ ​ഗതാ​​ഗതം നിലച്ചു. അജ്മാൻ, ഉമ്മുൽഖുവെയ്ൻ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. രാജ്യത്തെ പ്രധാന പാർക്കുകളും ബീച്ചുകളും അടച്ചു.

ദുബായ് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടല്‍ ഗതാഗത പൂര്‍ണമായി റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് സര്‍വീസുകളുടെ സമയത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇടയ്ക്കിടെ ശ്രദ്ധിക്കണമെന്ന് ഇത്തിഹാദ് എയര്‍വേസ് അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.