ഇവിടെ 'സ്‌നേഹ സംഗമം', അവിടെ സ്‌നേഹ ധ്വംസനം: ഇതാണോ മോഡിയുടെ ഗ്യാരന്റി?..

ഇവിടെ 'സ്‌നേഹ സംഗമം', അവിടെ സ്‌നേഹ ധ്വംസനം: ഇതാണോ മോഡിയുടെ ഗ്യാരന്റി?..

ടുത്ത കാലത്ത് രാജ്യത്തെവിടെയും മുഴങ്ങി കേള്‍ക്കുന്നത് മോഡിയുടെ ഗ്യാരന്റിയാണ്... 'ഇത് മോഡിയുടെ ഗ്യാരന്റി' എന്ന് പ്രഖ്യാപിക്കാത്ത അദേഹത്തിന്റെ സമീപകാല പ്രസംഗങ്ങള്‍ ഒന്നും തന്നെയില്ല.

എന്നാല്‍ ഈ ഗ്യാരന്റി ഇന്ത്യയിലെ 143 കോടിയോളം വരുന്ന ജനങ്ങള്‍ക്കുണ്ടോ, അതോ നാഗ്പൂരിലുള്ള ആര്‍.എസ്.എസ് കാര്യാലയത്തിലെ കാവിധാരികളും അയോധ്യയിലെ രാമ ക്ഷേത്രത്തിലുള്ള നെറ്റിയില്‍ ചന്ദനക്കുറിയിട്ട പൂജാരിമാരും കല്‍പ്പിച്ചരുളുന്ന കുറച്ചു പേര്‍ക്കായി ചുരുങ്ങുമോ എന്ന സംശയം ജനിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് സമീപ കാലത്ത് അരങ്ങേറുന്നത്.

അതില്‍ ഏറ്റവും ഒടുവില്‍ സംഭവിച്ചത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈസ്റ്റര്‍ പ്രവര്‍ത്തി ദിനമാക്കി മണിപ്പൂര്‍ സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവാണ്. ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ഏറെ പ്രധാനപ്പെട്ട പുണ്യ ദിനമാണ് ഈസ്റ്റര്‍ എന്ന ഉയിര്‍പ്പ് ഞായര്‍ എന്നറിയാത്തവരല്ല ഈ ഉത്തരവിറക്കിയത്. പ്രതിഷേധം കനത്തതോടെ ഉത്തരവ് പിന്‍വലിച്ചെങ്കിലും ഇത് കൃത്യമായ സൂചകമായി തന്നെ എടുക്കണം.

രാജ്യം പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത്, ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവരുടെ വോട്ട് താമരക്കുമ്പിളിലാക്കാന്‍ ബിജെപി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്ന സാഹചര്യത്തിലും അവരുടെ തനിനിറം അറിയാതെ പുറത്തു വന്നു. ക്രൈസ്തവ വിശ്വാസികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ മാനിച്ചാണ് ഈസ്റ്റര്‍ പ്രവര്‍ത്തി ദിനമാക്കിയ ഉത്തരവ് പിന്‍വലിച്ചതെന്ന് കരുതേണ്ടതില്ല.

കേരളത്തിലടക്കം ക്രിസ്ത്യാനികളുടെ വോട്ട് ബാങ്ക് സ്വപ്‌നം കണ്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് മണിപ്പൂര്‍ ഗവര്‍ണറുടെ വിവാദ സര്‍ക്കുലര്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിക്കാന്‍ കാരണമാക്കിയത്. സ്ഥാനാര്‍ത്ഥികളുടെ ഇടപെടല്‍ ക്രൈസ്തവ സ്‌നേഹം കൊണ്ടാണ് എന്നൊന്നും തെറ്റിദ്ധരിക്കേണ്ട. അവര്‍ക്കിപ്പോള്‍ അത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്... വോട്ടിന്റെ രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവരുടെ സഞ്ചാരപാതയും നാഗ്പൂര്‍ ലക്ഷ്യം വച്ചുള്ളത് തന്നെയാകും.

ഇപ്പോള്‍ കുരുത്തോലകളേന്തി പള്ളിക്കു ചുറ്റും വലംവയ്ക്കുകയും കുരിശിന്റെ വഴിയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളോട് സാന്ദര്‍ഭികമായി ഒരു ചോദ്യം ചോദിക്കട്ടെ... മുന്‍ വര്‍ഷങ്ങളില്‍ ഈ റൂട്ടിലൊന്നും കണ്ടില്ലല്ലോ... ഇനി ജയിച്ചാലും തോറ്റാലും വരും വര്‍ഷങ്ങളിലും ഇതുവഴിയൊക്കെ വരുമോ? ഈ ചോദ്യം ബിജെപി സ്ഥാനാര്‍ത്ഥികളോട് മാത്രമുള്ളതല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ ക്രൈസ്തവേതര സ്ഥാനാര്‍ത്ഥികളോടും കൂടിയുള്ളതാണ്. വോട്ട് നേടാനുള്ള ഇത്തരം ഭക്താഭ്യാസങ്ങള്‍ ഏതൊരു മത വിശ്വാസിയും തിരിച്ചറിയുക തന്നെ ചെയ്യും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്‌നേഹ ധ്വംസനം... ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌നേഹ സംഗമം. അതാണ് ക്രൈസ്തവ സമൂഹത്തോട് ബിജെപി നേതൃത്വം പുലര്‍ത്തിപ്പോരുന്ന സമീപനം.

മണിപ്പൂരിലെ ക്രൈസ്തവര്‍ അതിക്രൂരമായ വംശിയ ഹത്യയ്ക്ക് ഇരയായപ്പോഴും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പൂര്‍ണ നഗ്നരായി തെരുവുകളില്‍ വലിച്ചിഴയ്ക്ക്‌പ്പെട്ടപ്പോഴും അരുത് എന്നൊരു വാക്ക് പറയാതെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലേക്ക് 'സ്‌നേഹ യാത്ര' നടത്തിയ ബിജെപി നേതാക്കളുടെ രാഷ്ട്രീയ വഞ്ചന തിരിച്ചറിയാന്‍ കഴിവില്ലാത്തവരല്ല ഇവിടെയുള്ള വോട്ടര്‍മാര്‍. മധുരമുള്ള ക്രിസ്തുമസ്, ഈസ്റ്റര്‍ കേക്കുകളുടെ മറുപുറത്ത് കയ്പു നീരിന്റെ ദുരനുഭവങ്ങള്‍ ഏറെയുണ്ട്. അതാണ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

ധനികനോ ദരിദ്രനോ ആകട്ടെ, രാജ്യത്തെ ഏതൊരു പൗരനും ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഭരണകൂടം പരാജയം തന്നെയാണ്. 2014 വരെ ഇന്ത്യ കണ്ട സാഹചര്യമല്ല ഇന്നുള്ളത്. ഭയപ്പെടുത്തി ഭരിക്കുക എന്ന ഫാസിസ്റ്റ് നയമാണ് ബിജെപി പിന്തുടരുന്നത്. അതിന് ഏറ്റവുമധികം ഇരകളാകുന്നത് രാജ്യത്തെ ക്രൈസ്തവ സമൂഹമാണ്. 2014 ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത് 147 ആക്രമണമാണെങ്കില്‍ 2023 ല്‍ അത് 687 ആയി ഉയര്‍ന്നു.

പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) രാജ്യത്തെ മുസ്ലീം മത വിഭാഗങ്ങളേയും ഇപ്പോള്‍ ബിജെപി ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പൗരത്വ വിഷയത്തില്‍ ക്രൈസ്തവര്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്ന് പറയാമെങ്കിലും തീവ്ര ഹിന്ദുത്വത്തെ ദേശീയതയായി വ്യാഖ്യാനിച്ച് ആര്‍.എസ്.എസ് പുറപ്പെടുവിക്കുന്ന തീട്ടൂരങ്ങള്‍ക്ക് അനുസരിച്ച് ഭരണം നടത്തുന്ന മോഡി സര്‍ക്കാരില്‍ നിന്ന് ക്രൈസ്തവര്‍ക്കെതിരായും ഇത്തരം നിയമ ഭേദഗതികള്‍ വരില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും.

കാരണം കൊല്‍ക്കത്തയിലെ ആയിരക്കണക്കായ തെരുവ് ബാല്യങ്ങള്‍ക്ക് കരുതലിന്റെ കര സ്പര്‍ശമേകിയ, സ്‌നേഹത്തിന്റെ ചുംബനങ്ങള്‍ നല്‍കിയ വിശുദ്ധ മദര്‍ തെരേസയെപ്പോലും തള്ളിപ്പറയുന്നവരാണ് രാജ്യം ഭരിക്കുന്നത്.

അതിനാല്‍ ഈ തിരഞ്ഞെടുപ്പ് അതി നിര്‍ണയകമാണ്. ഇന്ത്യ ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ, അതോ മതാധിപത്യ മതമൗലീക രാഷ്ട്രമായി മാറണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. വ്യാജ വാഗ്ദാനങ്ങളില്‍ വശംവദരാകാതെ ഇന്ത്യയിലെ പൗരന്‍മാരെന്ന നിലയില്‍ തലയുയര്‍ത്തി നടക്കാനും  അഭിമാന   ബോധത്തോടെ ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഒരോരുത്തരുടെയും വിവേചനാധികാരം അത്തരത്തില്‍ വിനിയോഗിക്കുക.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.