'ഏകാധിപത്യം തകര്‍ത്ത് ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു'; ജനാധിപത്യം തിരികെ പിടിക്കണമെന്ന് അരവിന്ദ് കെജരിവാള്‍

'ഏകാധിപത്യം തകര്‍ത്ത് ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു'; ജനാധിപത്യം തിരികെ പിടിക്കണമെന്ന് അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഏകാധിപത്യം തകര്‍ത്ത് തിരികെ എത്തിയെന്നും പോരാട്ടം തുടരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയ കെജരിവാള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടിയ എഎപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. നാളെ ഉച്ചയ്ക്ക് ഒന്നിന് വാര്‍ത്താ സമ്മേളനം നടത്തുമെന്നും കെജരിവാള്‍ വ്യക്തമാക്കി.

''ദൈവാനുഗ്രഹം എന്നോടൊപ്പമുണ്ട്. ഉടന്‍ പുറത്തിറങ്ങുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും. ഏകാധിപത്യം തകര്‍ത്ത് ഞാന്‍ തിരികെ എത്തിയിരിക്കുന്നു. പിന്തുണക്കുന്നവരെ കാണുന്നതില്‍ സന്തോഷമുണ്ട്. അവരോട് നന്ദിയുണ്ട്. ഉന്നത കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും നന്ദി. എനിക്ക് എല്ലാവരോടും നന്ദി പറയണം. നിങ്ങള്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹം തന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാരോട് എനിക്ക് നന്ദി പറയണം, അവര്‍ കാരണമാണ് ഞാന്‍ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് രക്ഷിക്കണം.''- അരവിന്ദ് കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സ്വേച്ഛാധിപത്യത്തിനെതിരായി രാജ്യത്തെ രക്ഷിക്കണമെന്നും അദേഹം വോട്ടര്‍മാരോട് പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്ന് വരെയാണ് കെജരിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21 നാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.