'പ്രായമായവരെ ഒരിക്കലും തള്ളിക്കളയരുത്; വാർധക്യം അനുഗ്രഹത്തിന്റെ അടയാളം'; ആഗോള വയോജന ദിനത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ

'പ്രായമായവരെ ഒരിക്കലും തള്ളിക്കളയരുത്; വാർധക്യം അനുഗ്രഹത്തിന്റെ അടയാളം'; ആഗോള വയോജന ദിനത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: പ്രായമായവരെ ഒരിക്കലും തള്ളിക്കളയരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ആഗോള വയോജന ദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പ്രായമായവരുടെ ജീവിതത്തിലെ ഇരുണ്ട കൂട്ടുകാരനാണ് ഏകാന്തത. ബ്യൂണസ് അയേഴ്‌സിൽ ആർച്ച് ബിഷപ്പായി സേവനം ചെയ്തിരുന്ന കാലത്തെ ചില അനുഭവങ്ങളും പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. ബന്ധുക്കളെ കാണാതെ മാസങ്ങളോളം കഴിച്ച് കൂട്ടിയ വൃദ്ധരെ പാപ്പ അനുസ്മരിക്കുന്നുണ്ട്. പ്രായമായവരോടു കൂടി സമയം ചെലവഴിക്കുകയും അവരെ സ്‌നേഹിക്കുകയും വേണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും നമ്മോട് കരുണ കാണിച്ച് കൊണ്ട് നമ്മെ പരിപാലിക്കുന്നത് ദൈവത്തിന്റെ വിശ്വസ്‌ത സ്നേഹമാണ്. ഈ സ്നേഹം നമ്മുടെ വാർധക്യത്തിൽ പോലും തുടരുന്നു. അതിനാൽ വാർധക്യം അനുഗ്രഹത്തിന്റെ അടയാളമാണ്. സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനിൽക്കുമ്പോൾ തന്നെയും ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നു പാപ്പ ചൂണ്ടിക്കാട്ടി.

ചെറുപ്പക്കാരെ പ്രീതിപ്പെടുത്താൻ പ്രായമായവരെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന മട്ടിൽ പെരുമാറുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണെന്നും പാപ്പ പറഞ്ഞു. ബന്ധങ്ങൾ ഊഷ്മളമാകുവാൻ തലമുറകൾ തമ്മിലുള്ള ഐക്യം ഏറെ അത്യന്താപേക്ഷിതമാണ്. അതിനു പരസ്പരമുള്ള സഹകരണം ഊട്ടിയുറപ്പിക്കണമെന്നും പാപ്പ പറഞ്ഞു.

തിരസ്കരണത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുന്ന സ്വാർത്ഥ മനോഭാവവുമായി പൊരുത്തപ്പെടാതെ, 'ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ട് വയോധികരെ ചേർത്തുനിർത്തുന്ന സംസ്കാരം വളർത്തിയെടുക്കുവാനാണ് പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വാർധക്യത്തിന്റെ മാഹാത്മ്യം സമൂഹത്തിൽ എടുത്തു കാണിക്കുന്നതിനും വൃദ്ധരായവരെ ആദരിക്കുന്നതിനും 2024 ജൂലൈ മാസം ഇരുപത്തിയെട്ടാം തീയതിയാണ് ആഗോള വയോജനദിനമായി സഭ ആചരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.