പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രദേശവാസിയായ യുവാവ് കസ്റ്റഡിയില്‍

 പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രദേശവാസിയായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രദേശവാസിയായ യുവാവിനെ ബന്ധുവീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പടന്നക്കാട് തീരദേശ മേഖലയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിന് അരക്കിലോമീറ്റര്‍ അകലെവച്ച് പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

കണ്ണിനും കഴുത്തിനും പരിക്കേറ്റ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കള്ളിമുണ്ടും ഷര്‍ട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞിരുന്നു. മുത്തച്ഛന്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതുവഴിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാല്‍ തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജില്ലാ പൊലീസ് മേധാവി പി. ബിജോയി കാഞ്ഞങ്ങാട് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഹൊസ്ദുര്‍ഗ് ഡി വൈഎസ്പി വി.വി ലതീഷ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി.കെ സുനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ്, നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.വി ഉമേഷ് എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.