ജസ്റ്റിസ് ജെബി കോശികമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം; ജൂലൈ മൂന്ന് പൊതു അവധിയായി പ്രഖ്യാപിക്കണം: അവകാശദിനാചരണത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

ജസ്റ്റിസ് ജെബി കോശികമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം; ജൂലൈ മൂന്ന് പൊതു അവധിയായി പ്രഖ്യാപിക്കണം: അവകാശദിനാചരണത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

തൃശൂർ: ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്ന് അവകാശദിനമായി ആചരിച്ച് തൃശൂർ അതിരൂപത. ജസ്റ്റിസ് ജെബി കോശികമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, സെന്റ് തോമസ് ദിനം അവധിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൃശൂർ അയ്യന്തോളിൽ നിന്ന് കളക്ട്രേറ്റിലേക്ക് നടത്തിയ റാലിയിലും ധർണ്ണയിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. തൃശൂർ കളക്ട്രേറ്റിൽ നടന്ന പൊതു സമ്മേളനം തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത കത്തോലിക്ക കോൺ​ഗ്രസും പാസ്റ്ററൽ കൗൺസിലും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ക്രൈസ്തവ സമൂഹം ഓരോ വർഷം കൂടും തോറും വിവേചനങ്ങൾ അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂനപക്ഷങ്ങളുടെ ന്യൂനപക്ഷമായി തീരുന്ന ക്രൈസ്തവ സമൂഹം അവകാശങ്ങൾ പ്രഖ്യാപിക്കാനായി ജൂലൈ മൂന്നിനെ തിരഞ്ഞെടുത്തതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ജൂലൈ മൂന്ന് സുറിയാനി ക്രൈസ്തവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. പൊതു അവധിയായി പ്രഖ്യാപിക്കാൻ വർഷങ്ങളായി പറയുന്നു. എന്നാൽ പല പരീക്ഷകൾ പോലും ജൂലൈ മൂന്നിനാണ് നടത്തപ്പെടുന്നത്. ഈ പുണ്യദിനത്തെ അവധി ദിനമായി പ്രഖ്യാപിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരസ്യമായി ആവശ്യപ്പെടുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

മുന്നോക്ക സമുദായമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ മേഖലകളിലും പിന്നോക്കമായിപോയിക്കൊണ്ടിരിക്കുകയാണ് സീറോ മലബാർ കത്തോലിക്കർ. ഈ വിവേചനത്തെക്കുറിച്ച് എത്ര പറഞ്ഞാലും ആരും ഇത് വേണ്ടവിധത്തിൽ കേൾക്കുന്നില്ല. ജസ്റ്റിസ് കോശി കമ്മീഷന് ഏകദേശം അഞ്ച് ലക്ഷത്തോളം അപേക്ഷകൾ കേരളത്തിലെ ക്രൈസ്തവരിൽ നിന്ന് ലഭിക്കുകയുണ്ടായി. ജസ്റ്റിസ് കേശി ഇത് പഠിച്ച് സർക്കാരിന് റിപ്പോർട്ട് കൊടുത്തു. എന്നാൽ കോശി കമ്മീഷന്റെ റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇനി പരസ്യപ്പെടുത്തിയാൽ പോലും അത് നടപ്പിലാക്കുമോയെന്ന് സംശയമുണ്ടെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങൾക്കുള്ള പിഎസ് സി കോച്ചിങ്, ക്ഷേമ പ​ദ്ധതികൾ ഇവയൊക്കെ ആർക്കൊക്കെയാണ് കിട്ടുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പലപ്പോഴും വിവേചനത്തിൽ എല്ലാം ഇല്ലാതായി പൊയിക്കൊണ്ടിരിക്കുകയാണ്. കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട അഡ്മിഷൻ പോലും ലഭിക്കുന്നില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവരുടെ അവകാശ പ്രഖ്യാപനങ്ങൾ ഇനി തുടർന്നുകൊണ്ടേയിരിക്കും. ഇനി പ്രതികരിച്ചാൽ മാത്രമേ കിട്ടൂ. എല്ലാ മതങ്ങളെയും ഉൾക്കൊണ്ട് വർ​ഗീയത ലവലേശം ഇല്ലാതെ പ്രവർത്തിക്കുന്ന ക്രൈസ്തവ സമൂഹം പലതരത്തിലുള്ള വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന വേദനാജനകമായ വസ്തുതയും ആർച്ച് ബിഷപ്പ് പങ്കിട്ടു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.