മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം

മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ പതിനേഴാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 34 റൺസ് ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടപ്പെട്ടെങ്കിലും ഈ സീസണിലെ റൺസ് വരൾച്ച അവസാനിപ്പിച്ച ക്വിന്റൺ ഡി കോക്കിന്റെ (39 പന്തിൽ 67) അർധ സെഞ്ചുറിയാണ് മുംബൈയ്ക്ക് തുണയായത്. ഇഷാൻ കിഷൻ(31), സൂര്യകുമാർ യാദവ് (27), ഹാർദിക് പാണ്ഡ്യ (28), കീറോൺ പൊള്ളാർഡ് (25*) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വെറും നാല് പന്തുകളിൽ നിന്ന് 20 റൺസ് നേടി പുറത്താകാതെ നിന്ന് കൃനാൽ പാണ്ഡ്യയാണ് മുംബൈയെ 200 റൺസ് കടത്തിയത്. ഹൈദരാബാദിനായി സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു. നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്ത റാഷിദ് ഖാനും മികച്ചുനിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. മികച്ച തുടക്കമാണ് സൺറൈസേഴ്സ് ലഭിച്ചത്. ജോണി ബെയർസ്റ്റോ താളം കണ്ടെത്തിയെങ്കിലും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. പിന്നാലെ വന്ന മനീഷ് പാണ്ഡേ മികച്ച ഷോട്ടുകളും ആയി മുന്നേറിയതോടെ സൺറൈസേഴ്സ് പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. അനാവശ്യ ഷോട്ടിന് ശ്രമിച്ച മനീഷ് പാണ്ഡേ പുറത്തായതോടെ സൺറൈസേഴ്സ് വീണ്ടും പ്രതിരോധത്തിലായി. ഇതിനിടെ ക്യാപ്റ്റൻ ഡേവിഡ് വാർണർ അർധസെഞ്ചുറി (44 പന്തിൽ 60) നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ആയില്ല. ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ നിലനിർത്തിയ ടീം അവസാന ഓവറുകളിൽ തകരുകയായിരുന്നു.

 മുംബൈയ്ക്ക് വേണ്ടി ട്രെൻഡ് ബോൾട്ടും പാറ്റിൻസണും ബുംറയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ കൃനാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി. സിദ്ധാർത്ഥ് കൗൾ ഐപിഎല്ലിൽ 50 വിക്കറ്റുകൾ ഈ മത്സരത്തിലൂടെ സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.