തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ചിത്ര ഹോമിന്റെ പിന്‍വശത്തുള്ള കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. 
റെയില്‍വെയില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷം മൃതദേഹം കനാലില്‍ പൊങ്ങുകയായിരുന്നു. ജീര്‍ണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കനാലില്‍ ശുചീകരണത്തിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ആമയിഴഞ്ചാന്‍ തോടില്‍ നാവികസേനയുടെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയത്. 
തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം മാറ്റാനിറങ്ങിയതായിരുന്നു ജോയ്. മാരായമുട്ടം മലഞ്ചെരുവ് വീട്ടില്‍ നേശമണിയുടെയും മേരിയുടെയും മകനാണ്.
റെയില്‍വേയുടെ കരാറുകാരന്‍ എത്തിച്ച തൊഴിലാളിയായിരുന്നു ജോയി. 46 മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അന്ന് രാത്രി എട്ടോടെ ജെന്റോബോട്ടിക്‌സ് കമ്പനിയുടെ ബാന്‍ഡികൂട്ട് എന്ന റോബോട്ടിനെ ഉപയോഗിച്ചുള്ള തെരച്ചിലും ആരംഭിച്ചിരുന്നു. രാത്രി വൈകിയും തുടര്‍ന്നു. ശക്തമായ മഴയെ തുടര്‍ന്ന് തോട്ടിലുണ്ടായ വെള്ളപ്പാച്ചിലാണ് അപകടകാരണമായത്. തമ്പാനൂര്‍ ഇന്ത്യന്‍ കോഫി ഹൗസിന് എതിര്‍ഭാഗത്തെ റെയില്‍വേ പാഴ്‌സല്‍ ഓഫീസിനു സമീപത്തുകൂടി റെയില്‍വേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന തോടാണിത്. 
പ്ലാസ്റ്റിക് മാലിന്യം ചാക്കില്‍ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നതുകണ്ട് കരയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ കുമാര്‍, കരയ്ക്കുകയറാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഒഴുക്കിന്റെ ശക്തിയില്‍ ജോയി കാലിടറി ടണലിലേക്ക് പതിച്ചു. കുമാര്‍ കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാന്‍ കഴിഞ്ഞില്ല. സംഭവം നടക്കുമ്പോള്‍ ജോയി മാത്രമായിരുന്നു തോട്ടിലുണ്ടായിരുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.