'ഷെയ്ൻസേഷണൽ' വാട്സൺ, 'ഫാഫ്ബുലസ്' ഡുപ്ലെസി: 10 വിക്കറ്റ് വിജയമായി ചെന്നൈ സൂപ്പർ കിംഗ്സ്

'ഷെയ്ൻസേഷണൽ' വാട്സൺ, 'ഫാഫ്ബുലസ്' ഡുപ്ലെസി:  10 വിക്കറ്റ് വിജയമായി ചെന്നൈ സൂപ്പർ കിംഗ്സ്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നു നടന്ന രണ്ടാമത്തെ മത്സരത്തിൽ ഫാഫ് ഡുപ്ലെസിസും ഷെയിൻ വാട്സണും വിശ്വരൂപം പുറത്തെടുത്തപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് 10 വിക്കറ്റിന് കിങ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെടുത്തി. പഞ്ചാബ് ഉയർത്തിയ 179 റൺസ് എന്ന വിജയലക്ഷ്യം വെറും 17.4 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ചെന്നൈ മറികടന്നു. ചെന്നൈയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത ഷെയിൻ വാട്സണും ഫാഫ് ഡുപ്ലെസിസും വളരെ അനായാസകരമായാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ചെന്നൈക്ക് വെല്ലുവിളി ഉയർത്താൻ പഞ്ചാബിന് സാധിച്ചില്ല. പഞ്ചാബ് നായകൻ രാഹുൽ സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും ചെന്നൈയുടെ ഒരു വിക്കറ്റ് പോലും എടുക്കാൻ സാധിച്ചില്ല. ഡുപ്ലെസി 53 പന്തിൽ 87 റൺസോടെയും വാട്സൺ 53 പന്തിൽ നിന്ന് 83 റൺസോടെയും പുറത്താകാതെ നിന്നു. വാട്സൺ ആണ് മാൻ ഓഫ് ദി മാച്ച്. 

നേരത്തെ ടോസ് നേടിയ പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രാഹുൽ തന്നെയാണ് ഇത്തവണയും പഞ്ചാബിനായി തിളങ്ങിയത് 52 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 63 റൺസാണ് രാഹുൽ നേടിയത്. ഷാർദുൽ താക്കുറിന്റെ പന്തിൽ രാഹുലിനെ ധോണി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു ഐപിഎല്ലിൽ ചെന്നൈക്കായി ധോണിയുടെ നൂറാം ക്യാച്ച് ആയിരുന്നു ഇത്. ക്യാപ്റ്റൻ രാഹുലും മായങ്ക് അഗർവാളും (19 പന്തിൽ 26) ചേർന്ന് നൽകിയ മികച്ച തുടക്കത്തിനു ശേഷം ക്രീസിലെത്തിയ മൻദീപ് സിംഗും (16 പന്തിൽ 27) നിക്കോളാസ് പൂരനുമെല്ലാം (17 പന്തിൽ 33) വേഗത്തിൽ സ്കോറിങ് നടത്തിയപ്പോൾ കിങ്സ് ഇലവൻ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി. അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ഘട്ടത്തിൽ 200 ന് അടുത്തേക്ക് നീങ്ങിയ സ്കോറാണ് രാഹുലിനെയും പൂരനെയും പുറത്താക്കിയ ഷാർദുൽ താക്കൂറും റൺസ് വിട്ടു നൽകാതെ ബ്രാവോയും സമ്മർദ്ദം സൃഷ്ടിച്ച് 178 ലേക്ക് ഒതുക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സ് ആയി ഷാർദുൽ താക്കൂർ രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജയും പിയുഷ് ചൗളയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 ചെന്നൈക്ക് വേണ്ടിയുള്ള ഏറ്റവുമുയർന്ന ഓപ്പണിങ് കൂട്ടുകെട്ട് ആയിരുന്നു ഇത്. അതുപോലെ ഐപിഎല്ലിന്റെ ചരിത്രത്തിലെ 10 വിക്കറ്റ് വിജയത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടും ഇതുതന്നെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.