ഉറക്കം, അത് ഉറങ്ങി തന്നെ തീര്‍ക്കണം; വിട്ടുവീഴ്ച പാടില്ല

ഉറക്കം, അത് ഉറങ്ങി തന്നെ തീര്‍ക്കണം; വിട്ടുവീഴ്ച പാടില്ല

ആരോഗ്യമുള്ള ജീവിതത്തിന് ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ തിരക്കുകള്‍ മൂലം വെട്ടിച്ചുരുക്കുന്ന ഉറക്കം നിങ്ങളെ ഒരു നിത്യ രോഗി ആക്കും. ഉറക്കം കുറയുന്നത് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ കാരണമാകും.

ഓരോ പ്രായക്കാരും എത്രത്തോളം ഉറങ്ങണം

മൂന്ന് മാസം വരെ പ്രായമുള്ള നവജാത ശിശുക്കള്‍ 14 മുതല്‍ 17 മണിക്കൂര്‍ കിടന്നുറങ്ങണമെന്നാണ് സിഡിസി നിര്‍ദേശിക്കുന്നത്. നാല് മുതല്‍ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ 12 മുതല്‍ 16 മണിക്കൂര്‍ ഉറങ്ങണം. ഒരു വയസ് മുതല്‍ രണ്ടു വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 11 മുതല്‍ 14 മണിക്കൂര്‍ ഉറക്കം ലഭിക്കണം. മൂന്ന് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളാണെങ്കില്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെയും ഉറങ്ങണം.

സ്‌കൂളില്‍ പോകുന്ന പ്രായത്തിലുള്ള ആറ് മുതല്‍ 12 വയസുവരെ പ്രായക്കാര്‍ ഒന്‍പത് മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങണം. 13 മുതല്‍ 17 വരെ പ്രായമുള്ള കൗമാരക്കാര്‍ എട്ട് മുതല്‍ 10 മണിക്കൂര്‍ വരെയും 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ ഏഴ് മണിക്കൂറോ അതിലധികമോ ഉറങ്ങുകയും വേണം. ഇനി അറുപത്തിയൊന്നിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂറും 65 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ ഏഴ് മുതല്‍ എട്ട് മണിക്കൂറും ഉറങ്ങണം.

മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍

*രാത്രി അത്താഴം ഉറങ്ങുന്നതിന് കുറഞ്ഞത് ഒന്നര മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കാന്‍ ശ്രമിക്കുക.
*ഉറങ്ങുന്നതിന് 90 മിനിറ്റ് മുന്‍പ് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ സമീപത്ത് നിന്ന് മാറ്റി വെക്കുക.
*ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടു പാല്‍ കുടിക്കുന്നത് പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കും.
*വാഴപ്പഴം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടും
*രാത്രി ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് കഠിനമായ വ്യായാമം ചെയ്യാതിരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.