പെർത്ത്: പിഎംജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയ ഭാഷയിലും സംസ്കാരത്തിലും വിഭിന്നങ്ങളായ നൂറ് കണക്കിന് ഗോത്ര വർഗങ്ങളാൽ ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവും അധികം വംശീയമായി വിത്യസ്തത ഉള്ളതായി വിശേഷിക്കപ്പെടുന്ന ഈ ദ്വീപ് രാജ്യത്തിൽ 840 ഭാഷകൾ സംസാരിക്കപ്പെടുന്നു. മറ്റേതൊരു രാജ്യത്തും ഇത്രയധികം ഭാഷകൾ സംസാരിക്കപ്പെടുന്നില്ല.
അറുനൂറിലധികം വിത്യസ്തങ്ങളായ ഗോത്ര സമൂഹങ്ങൾ രാജ്യത്ത് അധിവസിക്കുന്നു. ഇതിൽ 40 ഇനം ഗോത്ര വിഭാഗങ്ങൾക്ക് മുഖ്യധാര ജനവിഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ല. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് രാജ്യമായ പാപുവ ന്യൂ ഗിനിയയിലെ ഏറ്റവും അടുത്ത സ്ഥലത്തേക്ക് അയൽ രാജ്യമായ ഓസ്ട്രേലിയയിൽ നിന്നുള്ള ദൂരം 80 നോട്ടിക്കൽ മൈൽ (150കി.മി) താഴെ മാത്രം.
കലാപങ്ങളും അക്രമ ലഹളകളും ഗോത്ര സംസ്കാരമുള്ള ഈ ദ്വീപ് രാജ്യത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. രക്തരൂക്ഷിതമായ ലഹളയോടെയാണ് 2024 ലെ തുടക്കം. വേതനം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ജനുവരിയിൽ പൊലിസും ജയിൽ ജീവനക്കാരും സൈനികരും ചേർന്ന് നടത്തിയ സമരത്തെ തുടർന്ന് അക്രമികൾ തെരുവിൽ അഴിഞ്ഞാടി. കൊലയിലും അക്രമ സംഭവങ്ങളിലുമായി 22 പേർ മരിച്ചു. രാജ്യം 14 ദിവസത്തെ അടിയന്തരാവസ്ഥയിലേക്ക് മാറി.
പോർട് മോർസ്ബിയിൽ പാപ്പ വിമാനമിറങ്ങി
ഫെബ്രുവരിയിൽ ഗോത്രങ്ങൾ തമ്മിലുണ്ടായ ലഹള ആയിരുന്നു പിഎംജിയെ വാർത്തകളിൽ ഇടംപിടിപ്പിച്ചത്. 70 പേർ ഈ കലാപങ്ങളിൽ കൊല്ലപ്പെട്ടതായി ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായി. ഇക്കഴിഞ്ഞ ജൂലൈയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. മെയിൽ 670 പേരുടെ മരണത്തിനിടയാക്കിയ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും പാപുവ ന്യൂ ഗിനിയയെ വലച്ചു. 1182 വീടുകൾ മണ്ണിനടിയിലാവുകയോ നശിക്കുകയോ ചെയ്തു.
ആഴ്ചയിൽ ശരാശരി ആറിലേറെ ആക്രമ സംഭവങ്ങൾ നടക്കുന്ന പാപുവ ന്യൂ ഗിനിയയിലെ കലാപകലുഷിതമായ അന്തരീക്ഷത്തിൽ ശാന്തിദൂതുമായാണ് ആഗോള കത്തോലിക്ക സഭയുടെ തലവനെത്തുന്നത്. ഒരു കോടി ജനങ്ങളുള്ള രാജ്യത്ത് 26 ശതമാനവും കത്തോലിക്കരാണ്. രാജ്യ വ്യാപകമായി കലാപ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാപ്പായുടെ സന്ദർശനം രാജ്യത്തിന്റെ മുറിവ് ഉണക്കി സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷവും. ഭരണ അസ്ഥിരതയാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഫ്രാൻസിസ് മാർപാപ്പ രാജ്യത്ത് എത്തുന്നത്. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിലെ വത്തിക്കാൻ എംബസിയിലാണ് പാപ്പ താമസിക്കുക. ഞായറാഴ്ച ഇവിടെ നിന്നും 1000 കിലോമീറ്റർ അകലെയുള്ള വിദൂരപ്രദേശമായ വാനിമോയിലേക്ക് സഞ്ചരിക്കും. അടിസ്ഥാന സൗകര്യങ്ങൾ നന്നേ കുറവായ വാനിമോയിലെ സന്ദർശനം ലോകശ്രദ്ധ ആഘർഷിക്കും.
ഈ യാത്രയിലും മടക്ക യാത്രയിലും ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സ് പാപ്പായെ അനുഗമിക്കും. രണ്ടര മണിക്കൂർ സമയം മാത്രമാകും പാപ്പ വാനിമോയിൽ ചിലവഴിക്കുക. ഇവിടെ അർജന്റീനക്കാരായ മിഷണറിമാർ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ സന്ദർശിക്കുകയാണ് പാപ്പായുടെ ലക്ഷ്യം. 1982 ലാണ് മിഷണറീസ് ഓഫ് സേക്രഡ് ഹാർട്ട് (എം.എസ്.സി) സന്യാസ സഭാഗങ്ങൾ പിഎംജിയിലെത്തുന്നത്. രാജ്യത്ത് കത്തോലിക്ക സഭയുടെ നാൾ വഴികളിൽ നിർണായക സ്വാധീനം ചെലുത്തിയ സമൂഹം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും നിർണായക സംഭവാനകൾ ചെയ്യുന്നു.
സെപ്റ്റംബർ ആറിന് പ്രാദേശിക സമയം രാത്രി ഏഴിനാണ് മാർപാപ്പ പോർട്ട് മോറെസ്ബിയിലെത്തിച്ചേർന്നത്. ശനിയാഴ്ച രാവിലെ ഗവർണർ ജനറലുമായി കൂടിക്കാഴ്ച. തുടർന്ന് ഗവൺമെന്റ് ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമായും കൂടിക്കാഴ്ച നടക്കും. തുടർന്ന് കുട്ടികളുമായും സഭാ നേതൃത്വവുമായുള്ള യോഗം നടക്കും. സെപ്റ്റംബർ എട്ടിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ പോർട്ട് മോറെസ്ബിയിൽ നിന്ന് വാനിമോയിലേക്ക് പോകും.
വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ1995ൽ പാപുവ ന്യൂ ഗിനിയ സന്ദർശിച്ചിരുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മറ്റൊരു മാർപാപ്പ രാജ്യത്ത് എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.