അപ്പസ്‌തോലിക യാത്രയുടെ നാലാം ഘട്ടത്തില്‍ മാര്‍പാപ്പാ സിംഗപ്പൂരില്‍; ഈസ്റ്റ് ടിമോറിലെ ദിവ്യബലിയില്‍ പങ്കെടുത്തത് ആറ് ലക്ഷത്തിലേറെ വിശ്വാസികള്‍

അപ്പസ്‌തോലിക യാത്രയുടെ നാലാം ഘട്ടത്തില്‍ മാര്‍പാപ്പാ സിംഗപ്പൂരില്‍; ഈസ്റ്റ് ടിമോറിലെ ദിവ്യബലിയില്‍ പങ്കെടുത്തത് ആറ് ലക്ഷത്തിലേറെ വിശ്വാസികള്‍

സിംഗപ്പൂര്‍ സിറ്റി: അപ്പസ്‌തോലിക യാത്രയുടെ നാലാംഘട്ടത്തില്‍ ഈസ്റ്റ് ടിമോറില്‍ നിന്നും യാത്ര തിരിച്ച ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെത്തി. 11 ദിവസത്തെ അപ്പസ്‌തോലിക യാത്രയുടെ അവസാന ഘട്ടമാണിത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 11 വരെയായിരുന്നു പാപ്പാ ഈസ്റ്റ് ടിമോറിലുണ്ടായിരുന്നത്. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ ഈസ്റ്റ് ടിമോറിലെ ജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വും ഭൗതികമായ നിരവധി സമ്മാനങ്ങളും നല്‍കിയാണ് പരിശുദ്ധ പിതാവ് സമ്പന്ന രാജ്യമായ സിംഗപ്പൂരിലേക്കു യാത്ര തിരിച്ചത്.

ടിമോറിലെ 'പ്രസിഡന്റ് നിക്കോളാവ് ലൊബാറ്റോ' വിമാനത്താവളത്തിലെ, പ്രാദേശിക അധികാരികള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിന് ശേഷമാണ് പാപ്പ സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. ചാംഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രാദേശിക സമയം ഉച്ചയ്ക്കാണ് പാപ്പാ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ രാജ്യത്തിന്റെ അധികാരികള്‍ പാപ്പായെ സ്വീകരിച്ചു. തുടര്‍ന്ന്, സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ റിട്രീറ്റ് സെന്ററില്‍ ജെസ്യൂട്ട് അംഗങ്ങളുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരിലായിരിക്കുന്ന ദിവസങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റിപ്പബ്ലിക് പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം, പ്രധാനമന്ത്രി ലോറന്‍സ് വോങ് എന്നിവരുമായും സിവില്‍ സൊസൈറ്റി അംഗങ്ങളുമായും നയതന്ത്ര സേനാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.

സിംഗപ്പൂരില്‍ പ്രധാനമായും ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസികളുടെ എണ്ണത്തില്‍ രണ്ടാമതാണ് ഇവിടെ ക്രിസ്തുമതം.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് ആറ് ലക്ഷത്തിലേറെ വിശ്വാസികള്‍

98% കത്തോലിക്കരുള്ള ചെറിയ ദ്വീപുരാജ്യമായ ഈസ്റ്റ് ടിമോറില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് ഏകദേശം 6,00,000-ത്തിലേറെ കത്തോലിക്കര്‍. 13.4 ലക്ഷം വരുന്ന രാജ്യ ജനസംഖ്യയുടെ പകുതിയോളം വരുമിത്.

തീരപ്രദേശമായ ടാസിടോളുവിലെ തുറന്ന വേദിയിലായിരുന്നു കുര്‍ബാനയര്‍പ്പണം. കടുത്ത വെയിലിനെയും ചൂടിനെയും അവഗണിച്ചാണ് ജനലക്ഷങ്ങള്‍ പാപ്പയെ ഒരുനോക്ക് കാണാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുമായി എത്തിയത്. പേപ്പല്‍ പതാകയുടെ മഞ്ഞയും വെള്ളയും നിറങ്ങളോടുകൂടിയ കുടകള്‍ ചൂടിയെത്തിയ ജനക്കൂട്ടം വലിയൊരു സാഗരം പോലെയാണ് തോന്നിപ്പിച്ചത്. വിശുദ്ധ ബലിയില്‍ പങ്കെടുക്കാനായി, രാജ്യത്തിന് പുറത്തുനിന്ന്, ഇന്തോനേഷ്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും പോലും വിശ്വാസികള്‍ എത്തിയിരുന്നു.

കുര്‍ബാനയ്ക്ക് ധാരാളം കുട്ടികളും എത്തിയതില്‍ മാര്‍പാപ്പ സന്തോഷം പ്രകടിപ്പിച്ചു. 'ടിമോറിലെ ഏറ്റവും നല്ല കാര്യം എന്താണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. എനിക്കു മനസിലായത് ഇവിടുത്തെ ജനങ്ങളാണെന്നാണ്. ഏറ്റവും മികച്ചത് ഇവിടുത്തെ കുട്ടികളുടെ പുഞ്ചിരിയാണ്. നിങ്ങള്‍ക്ക് ധാരാളം കുട്ടികളുണ്ടാകട്ടെ. നിങ്ങളുടെ പുഞ്ചിരി നിങ്ങളുടെ കുട്ടികളുമായി തുടരുന്നതിന് ഞാന്‍ നിങ്ങള്‍ക്ക് സമാധാനം നേരുന്നു' - വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ സ്പാനിഷ് ഭാഷയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഈസ്റ്റ് ടിമോര്‍ ലോകത്തിലെ ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യങ്ങളിലൊന്നാണ്. ഇവിടെയുള്ള 1.3 ദശലക്ഷം ആളുകളില്‍ 98% കത്തോലിക്കരാണ്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ മൂന്നു ദിവസങ്ങള്‍ രാജ്യത്ത് ദേശീയ അവധിയായി പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

'കിഴക്കന്‍ ടിമോര്‍ മനോഹരമായ രാജ്യമാണ്. കാരണം ഇവിടെ ധാരാളം കുട്ടികളുണ്ട്. കിഴക്കന്‍ ടിമോറിന് ചെറുപ്പമാണ്. രാജ്യത്തിന്റെ ഏതു കോണിലും ജീവന്‍ നിറഞ്ഞിരിക്കുന്നു. തന്നത്താന്‍ ചെറുതാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠമാണ് ഓരോ കുട്ടിയുടെ ജനനവും നല്‍കുന്നത്.

ദൈവത്തിന്റെ മുന്നിലും പരസ്പരവും ചെറുതാകുന്നതില്‍ ഭയക്കരുത്-മാര്‍പാപ്പ പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു. ഒട്ടേറെ കുട്ടികളുടെയും യുവാക്കളുടെയും അന്തസ് ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം മറക്കരുത്. കുട്ടികള്‍ ആരോഗ്യപരമായ അന്തരീക്ഷത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കണമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ബലി അവസാനിച്ചതിനെത്തുടര്‍ന്ന്, പാപ്പാ തുറന്ന വാഹനത്തില്‍ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആഹ്‌ളാദാരവങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മാര്‍പാപ്പ കിഴക്കന്‍ ടിമോറിലെ മെത്രാന്മാരും വൈദികരുമായും കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ രാജ്യങ്ങള്‍ പാപ്പ നേരത്തേ സന്ദര്‍ശിച്ച ശേഷമാണ് ടിമോറിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.