പി.പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും; കക്ഷി ചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം

 പി.പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും; കക്ഷി ചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം

തലശേരി: റിമാന്‍ഡില്‍ കഴിയുന്ന പി.പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് ദിവ്യയുടെ ജാമ്യാപേക്ഷ. ഇന്നലെ കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലില്‍ എത്തിച്ചത്. അടുത്ത മാസം 12 വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.
ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക.

അതേസമയം പി.പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കുമെന്നാണ് സൂചന. ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കിയിരുന്നു. പി.പി ദിവ്യ ജാമ്യ ഹര്‍ജി നല്‍കുമ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരിക്കും കക്ഷിചേരുക. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലും മഞ്ജുഷ കക്ഷി ചേര്‍ന്നിരുന്നു.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നടന്ന വാദത്തില്‍ പ്രതിഭാഗത്തിനെതിരെ ശക്തമായ വാദമാണ് വാദി ഭാഗം അഭിഭാഷകന്‍ നടത്തിയത്. തുടര്‍ന്നാണ് ഇന്നലെ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തത്. ദിവ്യക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് വാദി ഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

മഞ്ജുഷ പി.പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരുന്നതോടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ശക്തമായ വാദമായിരിക്കും കോടതിയില്‍ നടക്കുക. പൊളിറ്റിക്കല്‍ ബാറ്റില്‍ അല്ല ലീഗല്‍ ബാറ്റിലാണ് തങ്ങള്‍ നടത്തുന്നതെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും വ്യക്തമാക്കിയിരുന്നു.
അതേസമയം പി.പി ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്ഐടി ഇന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും അപേക്ഷ നല്‍കും. രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അറസ്റ്റിന് പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.