കാലിഫോർണിയ : കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളിലെ പ്രതിയുമായ അൻമോൽ ബിഷ്‌ണോയി അമേരിക്കയിൽ പിടിയിലായതായി റിപ്പോർട്ട്. അമേരിക്കൻ പൊലിസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
2022 ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ കൊലപാതക കേസിലും ഈ വർഷം ജൂണിൽ നടൻ സൽമാൻ ഖാൻ്റെ മുംബൈ വസതിക്ക് പുറത്ത് നടന്ന വെടിവെയ്‌പ്പ് കേസിലുമുൾപ്പെടെ നിരവധി പ്രമാദമായ കേസുകളിലെയും പ്രതിയാണ് അൻമോൽ ബിഷ്‌ണോയി. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി (അജിത് പവാർ വിഭാഗം) നേതാവുമായ ബാബ സിദ്ദിഖിയെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയ കേസിലും ബിഷ്‌ണോയി പ്രതിയാണ്.
അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് അൻമോലിനെ അറസ്റ്റ് ചെയ്തതെന്നാണ് അമേരിക്കൻ പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഈ മാസം ആദ്യം മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് ഇയാളെ യുഎസിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതിയാണ് അൻമോൽ ബിഷ്‌ണോയിയെ അറസ്റ്റ് ചെയ്യാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ഇതിന് പിന്നാലെ ഇൻ്റർപോൾ അൻമോൽ ബിഷ്‌ണോയിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ മാസം മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അൻമോൽ ബിഷ്‌ണോയിയെ ഉൾപ്പെടുത്തിയിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അൻമോൽ പിടിയിലായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.