അച്ഛന്റെ ദുരിതമകറ്റാന്‍ പപ്പടം വില്‍ക്കാനിറങ്ങിയ പത്ത് വയസ്സുകാരന്‍; കാണാതെ പോകരുത് ഈ കരുതല്‍- വീഡിയോ

അച്ഛന്റെ ദുരിതമകറ്റാന്‍ പപ്പടം വില്‍ക്കാനിറങ്ങിയ പത്ത് വയസ്സുകാരന്‍; കാണാതെ പോകരുത് ഈ കരുതല്‍- വീഡിയോ

ചിലരുണ്ട്, വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമായ നന്മ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍. അച്ഛന്റെ വേദനയില്‍ ആശ്വാസം പകരാന്‍ പപ്പടം വില്‍ക്കാനിറങ്ങിയ പത്ത് വയസ്സുകാരന്റെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അമീഷ് എന്നാണ് ഈ മിടുക്കന്റെ പേര്. ഹൃദയത്തില്‍ മുഴുവന്‍ നന്മ സൂക്ഷിക്കുന്ന കൊച്ചു മിടുക്കന്‍.  

വീട്ടിലെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് വളര്‍ന്നതുകൊണ്ടുതന്നെ പറ്റുന്ന വിധത്തിലെല്ലാം മാതാപിതാക്കള്‍ക്ക് കരുതല്‍ നല്‍കാനാണ് അമീഷിന്റെ പരിശ്രമം. പറവൂര്‍ ചെറിയ പല്ലംതുരുത്ത് ഷാജിയുടേയും പ്രമീളയുടേയും മകനാണ് അമീഷ്. വീട്ടുജോലിക്കാരിയായ അമ്മ രാവിലെ ജോലിക്കായി പോകുന്നതിന് പിന്നാലെ അമീഷും വീട്ടില്‍ നിന്നും ഇറങ്ങും. അതും തനിക്ക് പ്രിയപ്പെട്ട സൈക്കിളില്‍. സൈക്കിളിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ പപ്പടങ്ങളാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഉച്ചവരെ സൈക്കിളില്‍ ചുറ്റിക്കറങ്ങി അമീഷ് പപ്പടം വില്‍ക്കും.  

തിരിച്ച് വീട്ടിലെത്തിയാല്‍ ഓണ്‍ലൈനില്‍ പഠനം. വൈകുന്നേരം സമയം ലഭിക്കുകയാണെങ്കില്‍ വീണ്ടും ഇറങ്ങും പപ്പടവുമായി. അച്ഛന് കട്ടില്‍ വാങ്ങാനും കടങ്ങള്‍ തീര്‍ക്കാനുമൊക്കെയാണ് ഈ കൊച്ചു മിടുക്കന്റെ ആഗ്രഹം. അതിനുവേണ്ടിയാണ് ബാലന്‍ അധ്വാനിക്കുന്നതും.  

ഒരു വര്‍ഷം മുമ്പ് സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റിരുന്നു അമീഷിന്റെ അച്ഛന്‍ ഷാജിക്ക്. ഇതേതുടര്‍ന്നാണ് അദ്ദേഹം കിടപ്പിലായത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഷാജിക്ക് വീഴ്ചയെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ കുടുംബം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായി.  

കിലോമീറ്ററുകള്‍ സൈക്കിളില്‍ പോയി പപ്പടം വില്‍ക്കുന്ന അമീഷ് ചെറുപ്രായത്തില്‍ തന്നെ തന്റെ കുടുംബത്തെ നെഞ്ചോട് ചേര്‍ക്കുന്നു. അച്ഛനും അമ്മയ്ക്കും ആശ്വാസം പകരാന്‍ തന്നാലാവും വിധം കഷ്ടപ്പെടുകയാണ് ഈ മിടുക്കന്‍. അഭിരാമി എന്നൊരു സഹോദരി കൂടിയുണ്ട് അമീഷിന്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.