സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം; സമ്മര്‍ താരിഫും പരിഗണനയിലെന്ന് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്  വര്‍ധിപ്പിക്കാന്‍ നീക്കം; സമ്മര്‍ താരിഫും പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും. നിരക്ക് വര്‍ധന് അനിവാര്യമാണെന്നും പ്രത്യേക താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

വേനല്‍ക്കാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയിലാണ്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായി. അതിനാല്‍ വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമായി മാറി. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കും.

അതേസമയം പുതിയ വൈദ്യുതി താരിഫ് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണണെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. മാസത്തില്‍ 1950 കോടിയുടെ വരവും 1750 കോടി ചെലവുമുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്ക്.

പുറമേ നിന്ന് വൈദ്യുതി വാങ്ങാന്‍ മാത്രം 900 കോടി വേണം. വായ്പാ തിരിച്ചടവിന് 300 കോടിയും കണ്ടെത്തണം. ഇത്തരത്തില്‍ പ്രതിവര്‍ഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുണ്ടന്നാണ് ബോര്‍ഡ് പറയുന്നത്.

ഈ വര്‍ഷം 1370.09 കോടിയുടേയും അടുത്ത വര്‍ഷം 1108.03 കോടിയുടേയും 2026-27 ല്‍ 1065.95 കോടിയുടേയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരിഫ് പരിഷ്‌ക്കരണം.

കെഎസ്ഇബി പറയുന്നതുപോലെ നിരക്ക് കൂട്ടിയാല്‍ ഈ വര്‍ഷം 812.16 കോടിയും അടുത്ത വര്‍ഷം 1399.93 കോടിയും 2026-27 ല്‍ 1522.92 കോടിയും കൂടുതല്‍ വരുമാനമുണ്ടാകും. വേനല്‍ക്കാല താരിഫ് കൂടി അംഗീകരിച്ചാല്‍ ഈ വര്‍ഷം 111.08 കോടിയും അടുത്ത വര്‍ഷം 233 കോടിയും 2026-27 ല്‍ 349 കോടിയും അധിക വരുമാനം കിട്ടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.