നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു

 നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു

ന്യൂഡല്‍ഹി: യമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിന് ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്.

മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ നേരത്തെ ഇടനിലക്കാരാകാമെന്ന് ഇന്ത്യയോട് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ സനയിലാണ് 37 കാരി നിലവില്‍ തടവിലുള്ളത്. ചര്‍ച്ചയ്ക്ക് ഇറാന് ഹൂതി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നല്‍കാന്‍ കുറച്ചു പണം നിലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഒരു ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചിരുന്നു. ഏതാണ്ട് 30 ലക്ഷം രൂപ നല്‍കിയാല്‍ ഇടനിലക്കാരന്‍ ദൗത്യം ഏറ്റെടുക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതേസമയം ഇക്കാര്യത്തില്‍ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.

അതിനിടെ യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി വ്യക്തമാക്കിയിരുന്നു. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.