അവസാന നിമിഷം കരാറില്‍ കല്ലുകടി: ചില വ്യവസ്ഥകളില്‍ നിന്ന് ഹമാസ് പിന്മാറിയെന്ന് ഇസ്രയേല്‍; ക്യാബിനറ്റ് ഇന്ന് ചേരില്ലെന്ന് നെതന്യാഹു

അവസാന നിമിഷം  കരാറില്‍ കല്ലുകടി: ചില വ്യവസ്ഥകളില്‍ നിന്ന് ഹമാസ് പിന്മാറിയെന്ന് ഇസ്രയേല്‍; ക്യാബിനറ്റ് ഇന്ന് ചേരില്ലെന്ന് നെതന്യാഹു

ടെല്‍ അവീവ്: പശ്ചിമേഷ്യ സമാധാനത്തിലേക്കെന്ന് പ്രതീക്ഷിച്ച ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷം കല്ലുകടി.

ചില വ്യവസ്ഥകളില്‍ നിന്ന് പിന്മാറി ഹമാസ് കരാറില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരില്ലെന്ന് വ്യക്തമാക്കി.

കരാറിന്റെ എല്ലാ ഭാഗങ്ങളും ഹമാസ് അംഗീകരിച്ചിട്ടുണ്ടെന്ന് മധ്യസ്ഥര്‍ ഇസ്രയേലിനെ അറിയിക്കുന്നത് വരെ മന്ത്രിസഭാ യോഗം ചേരില്ലെന്നു നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സമാധാന കരാറില്‍ അവസാന നിമിഷ ഇളവുകള്‍ക്കായുള്ള ശ്രമത്തില്‍ ഹമാസ് കരാറിന്റെ ചില ഭാഗങ്ങള്‍ നിരാകരിച്ചുവെന്നാണ് ഇസ്രയേല്‍ ആരോപണം. എന്നാല്‍ നെതന്യാഹുവിന്റെ ആരോപണം ഹമാസ് തള്ളി.

അമേരിക്കയുടെ നേതൃത്വത്തില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകളെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നൂറുകണക്കിന് പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും മേഖലയിലെ പല ഭാഗങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുമ്പോള്‍ പകരം ആറ് ആഴ്ചയ്ക്കുള്ളില്‍ 33 ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.

മൂന്ന് ഘട്ട സമാധാന കരാറിനാണ് ധാരണയായിട്ടുള്ളത്. ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. 42 ദിവസം നീളുന്ന ആദ്യ ഘട്ടത്തിന്റെ തുടക്കത്തില്‍ ഹമാസ് തടങ്കലിലുള്ള നൂറ് പേരില്‍ 33 പേരെ മോചിപ്പിക്കും.

പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പാലസ്തീന്‍കാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസ മേഖലകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുകയും ചെയ്യും. ആദ്യഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി 1139 പേരെ വധിക്കുകയും 205 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്. ബന്ദികളില്‍ 105 പേരെ 2023 നവംബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ സമയത്ത് മോചിപ്പിച്ചിരുന്നു.

പകരമായി ഇസ്രയേലില്‍ തടവിലുണ്ടായിരുന്ന 240 പലസ്തീന്‍കാരെ മോചിപ്പിച്ചിരുന്നു. ബന്ദികളില്‍ നൂറ് പേരെ ഇനിയും വിട്ടുകിട്ടാനുണ്ട്. അവരില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേല്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.