സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം: രാഹുല്‍ ഗാന്ധി

സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍  ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം: രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വര്‍ണക്കടത്തു കേസില്‍ സിപിഎം-ബിജെപി ഒത്തുകളിയാണ് നടക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇഴയുന്നത് അതിന്റെ തെളിവാണ്.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ലെന്ന് പറഞ്ഞ രാഹുല്‍ ഇടത് സംഘടനയില്‍ പെട്ടവരാണ് സമരം നടത്തുന്നതെങ്കില്‍ മുഖ്യമന്ത്രി നേരിട്ടെത്തി പ്രശ്‌ന പരിഹാരമുണ്ടാക്കുമായിരുന്നുവെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുകയാണന്ന് ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. കര്‍ഷകരുടേയും സാധാരണക്കാരന്റേയും പോക്കറ്റടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ സമ്പദ് ഘടനയെ ദുര്‍ബലമാക്കി. രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴുമ്പോഴും നമ്മുടെ രാജ്യത്ത് പൊട്രോള്‍, ഡീസല്‍, പാചകവാതക വില ഓരോ ദിവസവും ഉയരുകയാണ്. ഈ പണമെല്ലാം ലഭിക്കുന്നത് മോഡിയുടെ നാല്‍വര്‍ സംഘത്തിനാണ്. എന്നാല്‍ ഇവര്‍ക്ക് മാത്രം നിയന്ത്രിക്കാന്‍ കഴിയാത്തത്ര മഹത്തരമാണ് ഇന്ത്യയെന്നും അദേഹം പറഞ്ഞു.

സാധാരണക്കാരെ ലക്ഷ്യം വച്ച് തയ്യാറാക്കുന്ന യുഡിഎഫ് പ്രകടന പത്രികയില്‍ ന്യായ് പദ്ധതിയുണ്ടാകും. ഇന്‍ഷ്വറന്‍സ് പരിരക്ഷയും ക്യാഷ് ലെസ് ട്രീറ്റുമെന്റുമുണ്ടാകും. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കുമെതിരെ ഒരു വരിപോലും പ്രകടന പത്രികയിലുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി ഫറഞ്ഞു. ശംഖുമുഖത്ത് നടന്ന പൊതു സമ്മേളനത്തിനു ശേഷം സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമര പന്തലിലും രാഹുല്‍ ഗാന്ധിയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.