മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണയുടെ ഹര്‍ജി തള്ളി യു.എസ് സുപ്രീം കോടതി

മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണയുടെ ഹര്‍ജി തള്ളി യു.എസ് സുപ്രീം കോടതി

ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയുടെ നാടുകടത്തല്‍ താല്‍ക്കാലികമായി തടയണമെന്ന അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ തഹാവൂര്‍ റാണയെ കൈമാറാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയിരുന്നു.

തഹാവൂര്‍ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ ഒരു ജയിലിലാണ്. ഡൊണാള്‍ഡ് ട്രംപ് ഈ നീക്കത്തിന് അംഗീകാരം നല്‍കി ആഴ്ചകള്‍ക്ക് ശേഷമാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി യു.എസ് സുപ്രീം കോടതി തള്ളിയത്. റാണയുടെ നാടുകടത്തല്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ജസ്റ്റിസ് എലീന കഗന്‍ വിസമ്മതിക്കുകയായിരുന്നു.

2008 ല്‍ 175 പേരുടെ മരണത്തിന് കാരണമായ മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ്ലിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിയുന്നത്. പാകിസ്ഥാന്‍ വംശജനായ ഒരു മുസ്ലീം ആയതിനാല്‍, ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താന്‍ പീഡിപ്പിക്കപ്പെടുമെന്ന് റാണ യു.എസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അടിയന്തര അപേക്ഷയില്‍ അവകാശപ്പെട്ടിരുന്നു.

മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. ആക്രമണത്തിന് മുന്നോടിയായി 2008 നവംബറില്‍ സബര്‍ബന്‍ പവായിലെ ഒരു ഹോട്ടലില്‍ ഇയാള്‍ രണ്ട് ദിവസം താമസിച്ചിരുന്നു. മുംബൈ പൊലീസ് ക്രൈം ബ്രാഞ്ചാണ് 400 ലധികം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ നാലാമത്തെ കുറ്റപത്രമാണിത്. യുഎപിഎ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.