ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ ഷമീമ ബീഗത്തിന് യുകെയിലേക്കു മടങ്ങാനാവില്ല : സുപ്രീംകോടതി

ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ ഷമീമ ബീഗത്തിന് യുകെയിലേക്കു മടങ്ങാനാവില്ല : സുപ്രീംകോടതി

ലണ്ടൻ : ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സ്‌കൂൾ വിദ്യാർത്ഥിനിയായി സിറിയയിൽ പോയ, യുകെയിൽ ജനിച്ച ബംഗ്ലാദേശ് സ്ത്രീയെ ബ്രിട്ടനിലേക്ക്  മടങ്ങാൻ അനുവദിക്കില്ല എന്ന  സർക്കാർ തീരുമാനം ശരിവച്ചുകൊണ്ട് ബ്രിട്ടന്റെ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചു.

15 വയസുള്ളപ്പോൾ 2015 ൽ ലണ്ടൻ വിട്ട ഷൈമ ബീഗം രണ്ട് സ്‌കൂൾ സുഹൃത്തുക്കളോടൊപ്പം തുർക്കി വഴി സിറിയയിലേക്ക് പോയി. അവിടെവെച്ച് അവൾ ഒരു ഇസ്ലാമിക് സ്റ്റേറ്റ് പോരാളിയെ വിവാഹം കഴിച്ചു. മൂന്ന് കുട്ടികളെ പ്രസവിച്ചുവെങ്കിലും , അവരെല്ലാം തന്നെ മരണപ്പെട്ടു . ഷമീമ  ഇപ്പോൾ സിറിയയിലെ ഒരു തടങ്കൽപ്പാളയത്തിലാണ്.

ദേശീയ സുരക്ഷാ കാരണങ്ങളാൽ 2019 ൽ അവളുടെ ബ്രിട്ടീഷ് പൗരത്വം നീക്കം ചെയ്തു. എന്നാൽ  ഏക പൗരത്വം ഉള്ളവരുടെ  പൗരത്വം റദ്ദാക്കുന്നതിൽ നിന്നും രാജ്യാന്തര നിയമം വിലക്കുന്നുണ്ട് . ഷമീമ ബീഗത്തിനെ നാട്ടിലേക്ക് തിരികെ പോരുവാൻ അനുവദിച്ചാൽ മാത്രമേ അവർക്ക് ന്യായമായ അപ്പീൽ നൽകാനാകൂ എന്ന് യുകെയിലെ അപ്പീൽ കോടതി നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ യുകെയിലെ സുപ്രീംകോടതി വെള്ളിയാഴ്ച, ഏകകണ്ഠമായ വിധിന്യായത്തിൽ ആ തീരുമാനം അസാധുവാക്കി . അതായത് അവളുടെ പൗരത്വം എടുത്തുകളയാനുള്ള തീരുമാനത്തിനെതിരെ അപ്പീൽ തുടരാൻ അവർക്ക് കഴിയുമെങ്കിലും, യുകെയിൽ എത്തിചേർന്ന് അവർക്ക് അപ്പീൽ നൽകുവാൻ കഴിയില്ല.

ബീഗത്തിന്റെ ന്യായമായ ഹിയറിങ്ങിനുള്ള അവകാശം നൽകുവാൻ വേണ്ടി പൊതുജനങ്ങളുടെ സുരക്ഷ പോലുള്ള കാര്യങ്ങൾ അവഗണിക്കുവാൻ സാധിക്കില്ല എന്ന് സുപ്രീം കോടതി പ്രസിഡന്റ് റോബർട്ട് റീഡ് പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ വിധിയെ സ്വാഗതം ചെയ്തു. ദേശീയ സുരക്ഷ നിലനിർത്തുക എന്നതാണ് സർക്കാരിന്റെ മുൻഗണന എന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

ബ്രിട്ടനിൽ ചൂടേറിയ വാദപ്രതി വാദത്തിന് ഈവിധി കാരണമായി. ബീഗത്തെയും മറ്റുള്ളവരെയും തിരിച്ചുകൊണ്ടു വരണമെന്നും അവരെ വിദേശത്തേക്ക് വിടുന്നതിനുപകരം അവർ ചെയ്ത ഏതെങ്കിലും കുറ്റങ്ങൾക്ക് വിചാരണ ചെയ്യാനും ബ്രിട്ടന് കടമയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.

സിറിയയിലേക്കുള്ള യാത്രയ്ക്ക് ശേഷം, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത കാലിഫേറ്റിന്റെ തലസ്ഥാനമായ റാക്കയിലാണ് അവർ താമസിച്ചിരുന്നത്. നാലുവർഷത്തോളം ബീഗം അവിടെ തുടർന്നു . സിറിയൻ കുർദിഷ് അധികൃതർ നടത്തുന്ന റോജ് ക്യാമ്പിലാണ് അവർ ഇപ്പോൾ താമസിക്കുന്നത് . വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളാണ് ഇത്തരം ക്യാമ്പുകളിൽ എന്ന് യു എൻ വിദഗ്ദർ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.