മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വാങ്കഡെയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാരെ എറിഞ്ഞിട്ടു. 16.2 ഓവറില്‍ 116 റണ്‍സിന് ആണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍ ഔട്ടായത്.
അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് എടുത്ത അശ്വനി കുമാര്‍ ആണ് കൊല്‍ക്കത്ത ബാറ്റര്‍മാരെ നിലംപെരിശാക്കിയത്. 26 റണ്‍സ് എടുത്ത രഘുവന്‍ഷിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
മുംബൈ ഇന്ത്യന്‍സിന് 117 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. കൊല്‍ക്കത്ത ഇന്നിങ്‌സിലെ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ സുനില്‍ നരെയ്‌നെ വീഴ്ത്തി ട്രെന്റ് ബോള്‍ട്ട് ആണ് മുംബൈയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് പന്തില്‍ ഡക്കായാണ് നരെയ്ന്‍ മടങ്ങിയത്. കൊല്‍ക്കത്ത ഓപ്പണറെ ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.
നരെയ്ന്‍ മടങ്ങിയതിന് ശേഷം കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡിലേക്ക് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ ഡികോക്കിനെ വീഴ്ത്തി ദീപക് ചഹറിന്റെ പ്രഹരം. പിന്നെ മുംബൈയുടെ അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറിന്റെ ഊഴമായിരുന്നു. ദീപക് ചഹറിനെ മാറ്റി നാലാം ഓവറില്‍ അശ്വനി കുമാറിന്റെ കൈകളിലേക്ക് പന്ത് നല്‍കി ഹര്‍ദിക് നടത്തിയ ബോളിങ് ചെയിഞ്ച് ഫലം കണ്ടു.
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ അശ്വനി കുമാറിന് വിക്കറ്റ്. 11 റണ്‍സ് എടുത്ത് നിന്ന കൊല്‍ക്കത്ത ക്യാപ്റ്റന്‍ രഹാനെയാണ് ഐപിഎല്ലിലെ അശ്വനിയുടെ ആദ്യ ഇര. വെങ്കടേഷ് അയ്യരെ വീഴ്ത്തി ദീപക് ചഹറിന്റെ പ്രഹരം വീണ്ടും എത്തിയതിന് പിന്നാലെ 16 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നിന്ന രഘുവന്‍ഷിയെ ഹര്‍ദിക് പാണ്ഡ്യയും മടക്കി. ഇതോടെ 45-5ലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണു.
അശ്വനി കുമാറിന്റെ രണ്ടാം ഓവറില്‍ റിങ്കു സിങും മനേഷ് പാണ്ഡേയും ഡ്രസിങ് റൂമിലേക്ക് മടക്കി. തന്റെ മൂന്നാമത്തെ ഓവറില്‍ റസലിനെ അശ്വനി ക്ലീന്‍ ബൗള്‍ഡാക്കി. അരങ്ങേറ്റത്തില്‍ മൂന്ന് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് അശ്വനി നാല് വിക്കറ്റ് വീഴ്ത്തിയത്. 12 പന്തില്‍ നിന്ന് 22 റണ്‍സ് എടുത്ത് രമണ്‍ദീപ് സിങ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചു.
മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഒരു വിക്കറ്റ് എടുത്തു. വിഘ്‌നേഷിന്റെ ആദ്യ ഓവര്‍ മികച്ചതായിരുന്നില്ല. എന്നാല്‍ തന്റെ രണ്ടാം ഓവറില്‍ ഹര്‍ഷിത് റാണയെ വിഘ്‌നേഷ് വീഴ്ത്തി. ഇതോടെ രണ്ട് കളിയില്‍ നിന്ന് വിഘ്‌നേഷിന്റെ വിക്കറ്റ് വേട്ട നാലായി. ദീപക് ചഹര്‍ രണ്ട് വിക്കറ്റും ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.