കൊച്ചി: പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ.
ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു. എറണാകുളം തിരുവാങ്കുളം സെൻ്റ് ജോർജ് ദേവാലയത്തിലെ തിരുക്കർമങ്ങളിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത അർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നൽകി. ഈസ്റ്റർ നൽകുന്നത് പ്രത്യാശയുടെ സന്ദേശമെന്നും ലോകത്തിന് ഇപ്പോൾ ഏറ്റവും ആവശ്യം പ്രത്യാശയാണെന്നും ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ പറഞ്ഞു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന ശുശ്രൂഷ ചടങ്ങുകളിൽ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രത്യാശ വേണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.