മത വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടു തന്നെ നിലപാടുകളെടുക്കുന്ന കാര്യത്തില്‍ ഉറച്ച ശബ്ദമായിരുന്നു എന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. സാധാരണക്കാരേയും സ്ത്രീകളേയും യുദ്ധ മുഖത്തുള്ളവരേയും ഭിന്ന ലിംഗക്കാരേയുമെല്ലാം മുറുകെ പിടിച്ചുകൊണ്ടായിരുന്നു അദേഹത്തിന്റെ യാത്ര.
ഒരു യുദ്ധത്തെയും നീതികരിക്കാനാകില്ലെന്ന നിലപാടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടായിരുന്നത്. രോഗഗ്രസ്തനായി, ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അദേഹം പുറത്തിറക്കിയ പ്രസ്താവന ഇത് വ്യക്തമാക്കുന്നു.
യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തെ മനുഷ്യരാശിക്കാകെ വേദനാജനകവും ലജ്ജാ പൂര്‍ണവുമായ വേളയെന്നായിരുന്നു അദേഹം വിശേഷിപ്പിച്ചത്. ഏറ്റവും അവസാനം ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴും യുദ്ധ മുഖത്തെ ദുരിതങ്ങളായിരിക്കാം ആ മനസിലുണ്ടായിരുന്നത്.
അതാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യാന്‍ ആ മനസ് പറഞ്ഞത്. പലസ്തീനിലും ഇസ്രായേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്ന് അദേഹം പറയാനുണ്ടായ കാരണവും യുദ്ധ മുഖത്തെ ജനതയോടുള്ള അദേഹത്തിന്റെ കരുതലാണ്.
അതേപോലെ തന്നെ വധ ശിക്ഷയുടെ കാര്യത്തിലും ഫ്രാന്‍സിസ് പാപ്പയ്ക്ക് ശക്തമായ നിലപാടാണുണ്ടായിരുന്നത്. വധ ശിക്ഷയോട് പൂര്‍ണമായും എതിര്‍പ്പ് പ്രകടിപ്പിച്ചു. ചില സാഹചര്യങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്ന സഭയുടെ നിലപാടിനാണ് ഇതോടെ മാറ്റം വന്നത്.
വ്യക്തിയുടെ അലംഘനീയമായ അവകാശത്തിനും അന്തസിനും നേര്‍ക്കുള്ള ആക്രമണം ആയതിനാല്‍ വധ ശിക്ഷയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലേക്ക് സഭ എത്തി. വധശിക്ഷ പ്രോത്സാഹിപ്പിക്കുന്നത് പ്രതികാരത്തിന്റെ ഭീകരമായ മനോഭാവത്തെയാണെന്നും അത് ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് പരിവര്‍ത്തിതരാകാനുള്ള അവസരം നിഷേധിക്കലാണെന്നുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നത്.
കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയര്‍ത്താനുള്ള അദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതലാളിത്തത്തെക്കുറിച്ചുള്ള അദേഹത്തിന്റെ വിമര്‍ശനങ്ങളും ശ്രദ്ധേയമായിരുന്നു. 'ലാദാത്തോ സെ' എന്ന ചാക്രിക ലേഖനത്തില്‍ ആഗോളവത്കരണം അടിച്ചേല്‍പ്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് പോപ്പ് ഫ്രാന്‍സിസ് വിശദമാക്കിയിരുന്നു.
അമേരിക്കയിലെ തീവ്ര വലതുപക്ഷം വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ കുലുങ്ങിയില്ല. 'ഞാന്‍ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവര്‍ ശരി പറഞ്ഞാല്‍ അത് ശരിയാണ് എന്ന് ഞാന്‍ പറയും' എന്നായിരുന്നു ഇതിനോടുള്ള മാര്‍പാപ്പയുടെ പ്രതികരണം.
അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കിയ പിന്തുണയിലൂടെയും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആദരവ് പിടിച്ചു പറ്റി. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ഏറെ ചര്‍ച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ എടുത്തു പറയേണ്ടതാണ്. വത്തിക്കാന്‍ പ്ലാസയെ ഭവന രഹിതരുടെ അഭയ കേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ 'തെരുവിലെ പ്രഭുക്കന്മാര്' എന്ന് അദ്ദേഹം വിളിച്ചു.
ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാല്‍കഴുകല്‍ ചടങ്ങില്‍ അദേഹം കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങള്‍ കഴുകി. അക്രൈസ്തവരുടെ കാലുകളും കഴുകിയും മാര്‍പാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവര്‍ഗാനുരാഗികളോടും ലെസ്ബിയന്‍ കത്തോലിക്കരോടും കൂടുതല്‍ സ്വാഗതാര്‍ഹമായ മനോഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയായിരുന്നു അദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.