നടന്നത് വന്‍ ഗൂഢാലോചന: പോറ്റിയെ പോറ്റിയവര്‍ക്കെല്ലാം പണികിട്ടും; ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി

നടന്നത് വന്‍ ഗൂഢാലോചന: പോറ്റിയെ പോറ്റിയവര്‍ക്കെല്ലാം പണികിട്ടും; ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ വെട്ടിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി പതിനൊന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. നടന്നത് വന്‍ ഗൂഢാലോചനയെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി.

കല്‍പേഷിനെ കൊണ്ടുവന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. പലരില്‍ നിന്നും പണം കൈപ്പറ്റി. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണ സമിതിയും തന്നെ സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പി. ബിജോയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. തുടര്‍ന്ന് രാത്രി പന്ത്രണ്ടരയോടെ എസ്പി ശശിധരനും ചോദ്യം ചെയ്യലിന്റെ ഭാഗമായി എത്തി. രാവിലെ തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പത്തനംതിട്ടയില്‍ എത്തിച്ച് ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരാക്കും.

ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ട് കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്‌പോണ്‍സറെന്ന് അവകാശപ്പെട്ടിരുന്ന ഇയാള്‍ സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് മൂന്ന് ഗ്രാം മാത്രമാണ്. അടിച്ചെടുത്തത് 56 പവനും. വിപണി വിലയില്‍ ഇപ്പോള്‍ ഇതിന് അമ്പത് ലക്ഷത്തോളം മൂല്യമുണ്ട്.

കോടതിയില്‍ നിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിര്‍ണായക നടപടി. ദേവസ്വം വിജിലന്‍സ് സംഘം നേരത്തെ രണ്ട് തവണയായി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.