കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വമ്പന്‍ പദ്ധതികള്‍ ഒരുക്കി ബിജെപി. സംസ്ഥാനത്ത് ഒമ്പത് മണ്ഡലങ്ങള്‍ ഉറപ്പിക്കാനാണ് നീക്കം. ഇതിനോടകം 34 എ ക്ലാസ് മണ്ഡലങ്ങള്‍ പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ് മണ്ഡലങ്ങള്‍ എ, ബി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്. ഇതില്‍ കൂടുതലും തൃശൂരും തിരുവനന്തപുരത്തുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആ തിളക്കമില്ലെങ്കിലും സുപരിചതനായ നേതാവിനെ മല്‍സരിപ്പിച്ചാല്‍ തൃശൂര്‍ പിടിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. കെ. സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഉള്ളത്. അതേസമയം സുരേഷ് ഗോപിക്ക് മറ്റൊരു പദ്ധതിയാണ് ഉള്ളതെന്നാണ് സൂചന.
സിനിമാ താരങ്ങളില്‍ ചിലരെ മല്‍സരിപ്പിക്കാമെന്ന് സൂരേഷ് ഗോപി അഭിപ്രായപ്പെട്ടെന്നാണ് വിവരം. പാര്‍ട്ടിക്ക് ജനകീയ സ്വഭാവം കൈവരിക്കാനാണിത്. ഉണ്ണി മുകുന്ദന്‍, ജയറാം, ദേവന്‍ തുടങ്ങിയവരെല്ലാം ഇത്തവണ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയേക്കും. ഇതില്‍ ദേവന്‍ പട്ടികയിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. മറ്റുള്ള താരങ്ങള്‍ മല്‍സര രംഗത്തിറങ്ങാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
തദ്ദേശ തിരഞ്ഞെടുപ്പില്‍ 40000 ത്തില്‍ അധികം വോട്ടുകള്‍ ലഭിച്ച ഒന്‍പത് മണ്ഡലങ്ങളാണ് ബിജെപിക്കുള്ളത്. 30000 ത്തില്‍ അധികം വോട്ടുകള്‍ കിട്ടിയ മണ്ഡലങ്ങളും നിരവധിയാണ്. ഈ രണ്ട് ഗണത്തിലുള്ള 34 മണ്ഡലങ്ങളെയാണ് എ ക്ലാസ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ പ്രധാന നേതാക്കളും സിനിമാ താരങ്ങളും മല്‍സരിക്കും.
അതേസമയം കോര്‍പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈകാതെ തിരുവനന്തപുരത്ത് എത്തും. ഈ വേളയില്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രഖ്യാപനവും നടന്നേക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനവും ജനുവരിയില്‍ ഉണ്ടായേക്കും. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളം നിറയാനാണ് ബിജെപി നീക്കം.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമത്ത് 7000 വോട്ടിന്റെ ഭൂരിപക്ഷം ബിജെപിക്കുണ്ട്. കൂടാതെ വട്ടിയൂര്‍ക്കാവ് ആര്‍. ശ്രീലേഖയ്ക്ക് മാറ്റിവച്ചിരിക്കുന്നു എന്നാണ് വിവരം. കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തയ്യാറായാല്‍ വട്ടിയൂര്‍ക്കാവ് നല്‍കുമെന്നാണ് വിവരം.
അതേസമയം കഴക്കൂട്ടം മണ്ഡലത്തില്‍ ഏറെ കാലമായി വി. മുരളീധരന്‍ സജീവമാണ്. അദേഹത്തെ മാറ്റി മറ്റൊരു നേതാവിനെ കഴക്കൂട്ടത്ത് ബിജെപി ഇറക്കില്ല. കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസ് മല്‍സരിച്ചേക്കും. അരൂരില്‍ ശോഭാ സുരേന്ദ്രനും മല്‍സരിക്കാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.