യുഡിഎഫിലേക്ക് മടങ്ങണമെന്ന് ജോബ് മൈക്കിളും സെബാസ്റ്റ്യന്‍ കുളത്തിങ്കലും. ജോസ് കെ. മാണിയുടെ തീരുമാനത്തിനൊപ്പമെന്ന് എന്‍. ജയരാജ്
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ചൂടുപിടിച്ച മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരി തിരിവെന്ന് റിപ്പോര്‍ട്ട്.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എന്നിവര്‍ക്ക് യുഡിഎഫ് അനുകൂല നിലപാടാണുള്ളത്. കാഞ്ഞിരപ്പള്ളി എംഎല്‍എ പ്രൊഫ. എന്‍. ജയരാജ് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ജോസ് കെ. മാണിയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലെ ഭൂരിപക്ഷം മുതിര്‍ന്ന നേതാക്കള്‍ക്കും യുഡിഎഫിലേക്ക് മടങ്ങണം എന്നാണ് താല്‍പര്യം.
എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരണമെന്ന അഭിപ്രായക്കാരാണ്. എല്‍ഡിഎഫിനൊപ്പമെന്ന സൂചനയോടെ ഇടത് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം 'തുടരും' എന്ന് ഇരുവരും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.
പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച എല്‍ഡിഎഫിനെ തള്ളിപ്പറയാന്‍ പറ്റില്ല എന്ന നിലപാടിലാണ് റോഷിയും കൂട്ടരും. മുന്നണി മാറ്റമില്ലെന്നും ഇടതുപക്ഷ മുന്നണിയുടെയും സര്‍ക്കാരിന്റെയും ഭാഗമാണ് പാര്‍ട്ടിയെന്നും അതുപോലെ തന്നെ തുടരുമെന്നുമാണ് റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ജോസ് കെ. മാണി തന്നെ അവ തള്ളിക്കളഞ്ഞിരുന്നു. ഏതെങ്കിലും പരാജയമോ ഉയര്‍ച്ചയോ വരുമ്പോള്‍ പെട്ടെന്ന് മാറുന്നതല്ല രാഷ്ട്രീയം. എല്‍ഡിഎഫില്‍ ഞങ്ങള്‍ സംതൃപ്തരാണ്, അവിടെത്തന്നെ ഉറച്ചുനില്‍ക്കും എന്നായിരുന്നു അന്ന് അദേഹം നല്‍കിയ വിശദീകരണം.
എന്നാല്‍ പിന്നീട് സാഹചര്യം മാറുകയായിരുന്നു. യുഡിഎഫിലേക്ക് തിരികെ വരാന്‍ അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി തന്നെ നേരിട്ട് ജോസ് കെ. മാണിയെ വിളിച്ചതായാണ് വിവരം. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടന്ന തുടര്‍ ചര്‍ച്ചകളില്‍ പാലാ ഉള്‍പ്പെടെയുള്ള തങ്ങളുടെ പഴയ സീറ്റുകള്‍ തിരികെ വേണമെന്ന ഉപാധി ജോസ് കെ. മാണി മുന്നോട്ടു വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ജോസ് കെ. മാണി യുഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ല, പക്ഷേ പാലാ സീറ്റ് വിട്ടു തരില്ല എന്ന കടുത്ത നിലപാടിലാണ് സിറ്റിങ് എംഎല്‍എ മാണി സി. കാപ്പന്‍. എന്നാല്‍ കാപ്പനെ അനുനയിപ്പിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതടക്കമുള്ള വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായേക്കുമെന്നാണ് സൂചന. എന്തായാലും 16 ന് നടക്കുന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം ചിത്രം കൂടുതല്‍ വ്യക്തമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.