വാഷിങ്ടണ്‍: അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയില്‍ ഭക്ഷണത്തിന്റെ പേരില്‍ വിവേചനം നേരിട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ (ഏകദേശം 1.8 കോടി രൂപ) നഷ്ട പരിഹാരമായി ലഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡറിലെ പി.എച്ച്.ഡി വിദ്യാര്‍ഥികളായ ആദിത്യ പ്രകാശ്, പങ്കാളി ഊര്‍മി ഭട്ടാചാര്യ എന്നിവര്‍ക്കാണ് സിവില്‍ റൈറ്റ്‌സ് സെറ്റില്‍മെന്റ് ആയി തുക ലഭിച്ചത്.
2023 ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നഷ്ടപരിഹാരം ലഭിച്ചത്. ഇന്ത്യന്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വിവേചനം നേരിട്ടതിന് പരിഹാരമായാണ് തുക അനുവദിച്ചത്. യൂണിവേഴ്‌സിറ്റിയിലെ ആന്ത്രപോളജി ഡിപാര്‍ട്‌മെന്റിലെ മൈക്രോവേവില്‍ പ്രകാശ് തന്റെ ഉച്ചഭക്ഷണമായ പാലക് പനീര്‍ ചൂടാക്കുകയായിരുന്നു. ആ സമയത്ത് ഒരു വനിതാ സ്റ്റാഫ് അംഗം അടുത്തെത്തി ദുര്‍ഗന്ധം ഉള്ളതായി പരാതിപ്പെടുകയും ഭക്ഷണം ചൂടാക്കാന്‍ മൈക്രോവേവ് ഉപയോഗിക്കരുതെന്ന് പറയുകയും ചെയ്തു. എന്നാല്‍ അത് ഒരു പൊതുസ്ഥലമാണെന്നും തനിക്കും അത് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നും ആദിത്യ വാദിച്ചു.
തന്റെ ഭക്ഷണം തനിക്ക് അഭിമാനമാണ്. അതിന്റെ മണം നല്ലതോ ചീത്തയോ എന്നത് സാംസ്‌കാരികമായി നിര്‍ണയിക്കപ്പെടുന്നതാണെന്നും ആദിത്യ പറഞ്ഞു. നേരത്തെ ഫെസിലിറ്റി മെമ്പേഴ്‌സില്‍ ഒരാള്‍ ബ്രോക്കോളി ചൂടാക്കിയതായും ശക്തമായ ദുര്‍ഗന്ധം കാരണം ബ്രോക്കോളി ചൂടാക്കുന്നത് നിരോധിക്കപ്പെട്ടതായും വാദിക്കാന്‍ പരാതിക്കാരി ശ്രമിച്ചതായും ആദിത്യ പറഞ്ഞു. താമസിയാതെ വിഷയം വഷളായി. ആദിത്യ പ്രകാശിന്റെ പങ്കാളിയായ ഊര്‍മി ഭട്ടാചാര്യ ഇപെടുകയും അദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ആദിത്യയെ പിന്തുണച്ചതിന് വിശദീകരണമില്ലാതെ തന്നെ ടീച്ചിങ് അസിസ്റ്റന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഊര്‍മി ഭട്ടാചാര്യ പറഞ്ഞു. തങ്ങള്‍ക്ക് പിഎച്ച്ഡി അനുവദിക്കാന്‍ ഡിപാര്‍ട്‌മെന്റ് വിസമ്മതിക്കുക കൂടി ചെയ്തതോടെയാണ് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും ആദിത്യ പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള വ്യവസ്ഥാപരമായ പക്ഷപാതത്തിന്റെ പ്രകടനമായിരുന്നു തങ്ങളുടെ ഭക്ഷണത്തോടുള്ള യൂണിവേഴ്‌സിറ്റിയുടെ പ്രതികരണമെന്ന് ഇരുവരും വാദിച്ചു.
2025 സെപ്റ്റംബറില്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡര്‍ ഇരുവര്‍ക്കും 200,000 ഡോളര്‍ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയും അവര്‍ക്ക് മാസ്റ്റേഴ്‌സ് ബിരുദങ്ങള്‍ നല്‍കുകയും ചെയ്തു.
അതേസമയം യൂണിവേഴ്‌സിറ്റിയില്‍ ഭാവിയില്‍ പ്രവേശനം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഇരുവര്‍ക്കും വിലക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.