സമുദായ പ്രീണനം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍; കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു

സമുദായ പ്രീണനം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍; കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു

കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു... മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണത്തിനാണ് കളമൊരുങ്ങുന്നത്. എങ്ങനെയും അധികാരം പിടിക്കുക എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സങ്കുചിത സമീപനം ഇത്തരം നീക്കങ്ങള്‍ക്ക് വഴിവെട്ടമായി മാറുന്നു.

സിപിഎമ്മാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഭരണ നേട്ടം പറഞ്ഞ് മൂന്നാം വട്ടവും അധികാരം നിലനിര്‍ത്താനാകില്ലെന്ന് ബോധ്യപ്പെട്ട സിപിഎം, ഈഴവ സമുദായ നേതാവ് വെള്ളാപ്പളി നടേശനെ കൂട്ടുപിടിച്ചാണ് പുതിയ കരു നീക്കങ്ങള്‍ നടത്തുന്നത്.

എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഐക്യപ്പെടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നുമാണ് ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയത്. പിന്നീട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കണ്ട മാധ്യമ പ്രവര്‍ത്തകരോട് അദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഇരു സമുദായ നേതാക്കളും ഒരുപോലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ചു എന്നതും ശ്രദ്ധേയമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടത് മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് നായര്‍-ഈഴവ ഐക്യശ്രമം ഊര്‍ജിതമായതെന്നതും എടുത്തു പറയേണ്ടതാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ സമുദായ പ്രീണനം പുതിയ സംഭവമല്ലെങ്കിലും സിപിഎമ്മിന്റെ പരസ്യമായ നയവ്യതിയാനം കേരളം നേരത്തേ കണ്ടതാണ്. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും ജമാ അത്ത് ഇസ്ലാമിയെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മും ഇടത് മുന്നണിയും മുസ്ലീം സമുദായത്തിലെ പ്രബല പാര്‍ട്ടിയായ മുസ്ലീം ലീഗിനെ മറുകണ്ടം ചാടിക്കാന്‍ പല അടവുകളും പയറ്റിയിരുന്നു.

എന്നാല്‍ അത് ഫലിക്കാതെ വന്നതോടെ ക്രൈസ്തവ പ്രീണന തന്ത്രം പുറത്തെടുത്തു. പക്ഷേ, ന്യൂനപക്ഷ ക്ഷേമം (ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ഉള്‍പ്പെടെ), കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അറുതിയില്ലാത്ത വന്യജീവി ആക്രമണം തുടങ്ങി പല വിഷയങ്ങളിലും ക്രൈസ്തവ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിനോട് വിവിധ സഭാ നേതൃത്വങ്ങള്‍ മുഖം തിരിച്ചതോടെ ആ ശ്രമവും പതിയെ ഉപേക്ഷിച്ചു.

ഫലത്തില്‍ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായത് കേരള കോണ്‍ഗ്രസ് എം ആണ്. മുന്നണി മാറ്റത്തിനൊരുങ്ങിയ ജോസ് കെ. മാണിയെയും കൂട്ടരെയും കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സിപിഎം ഇപ്പോള്‍ ഇടതു മുന്നണിയില്‍ പിടിച്ചു നിര്‍ത്തിയിട്ടുള്ളത്. കാരണം ഇടത് മുന്നണിയില്‍ ക്രൈസ്തവ പ്രാധിനിത്യമുള്ള ഏക പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. അവര്‍കൂടി മുന്നണി വിട്ടാല്‍ വലിയ തിരിച്ചടി സിപിഎം ഭയക്കുന്നുണ്ട്.

ഇതിനെല്ലാം പുറമേയാണ് പരമ്പരാഗതമായി ഇടത് മുന്നണിക്ക് ലഭിച്ചുകൊണ്ടിരുന്ന ഹിന്ദു വോട്ടുകളിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം. ഭരണത്തോടുള്ള എതിര്‍പ്പ് പലരേയും അത്തരത്തില്‍ ചിന്തിപ്പിച്ചു. പൂര്‍ണമായല്ലെങ്കിലും ഒരു പരിധിവരെ ബിജെപി അവസരം മുതലെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഇടത് മുന്നണി നേതാക്കള്‍ക്ക് അക്കാര്യം ബോധ്യപ്പെടുകയും ചെയ്തു.

അതുകൊണ്ട് തന്നെ ഹിന്ദു സാമുദായിക ധ്രൂവീകരണം അനിര്‍വാര്യമാണെന്നും ഈഴവ-നായര്‍ ഐക്യം രൂപികരിച്ച് എങ്ങനെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് വെള്ളാപ്പള്ളി നടേശന്റെ 'കാര്‍മികത്വ'ത്തില്‍ സിപിഎം നടത്തുന്നത്.

മറുഭാഗത്ത് കോണ്‍ഗ്രസും സമുദായ പ്രീണന പാതയിലാണ്. കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന മുസ്ലീം ലീഗിനെ കൂടാതെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ ലേബലില്‍ ജമാ അത്ത് ഇസ്ലാമിയെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണവര്‍. അങ്ങനെ മുസ്ലീം സമുദായത്തിന്റെ ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന്റെ പെട്ടിയിലാക്കാനുള്ള നീക്കം... ഒപ്പം ക്രൈസ്തവ വോട്ടുകളും.

ഭരണ വിരുദ്ധ വികാരവും മറ്റും മൂലം ക്രൈസ്തവ സമുദായം ഇത്തവണ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. കഴിഞ്ഞ ലേക്‌സഭാ തിരഞ്ഞെടുക്കിലും തദ്ദേശ തിരഞ്ഞെടുപ്പിലുമുണ്ടായ മുന്നേറ്റമാണ് യുഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത്. ബിജെപിയുടെ ക്രിസ്ത്യന്‍ അജണ്ട പാളിപ്പോയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വന്നില്ലെങ്കിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇത്തവണ വിള്ളല്‍ വീഴില്ലെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. അതിനായി അവര്‍ ചില 'നീക്കുപോക്കുകള്‍' നടത്തുന്നുമുണ്ട്.

ബിജെപിയും കേരളത്തില്‍ തന്ത്രം മാറ്റിപ്പിടിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ തീവ്ര ഹിന്ദുത്വ വാദികളുടെ അക്രമങ്ങള്‍ തുടുന്ന സാഹചര്യത്തിലും, ക്രിസ്മസ് കാലത്ത് സംഘപരിവാര്‍ സംഘടനകള്‍ ക്രസ്ത്യാനികളുടെ മേല്‍ പൂണ്ടുവിളയാടിയ പശ്ചാത്തലത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ലഭിച്ച 'തലോടല്‍' ഇനിയുണ്ടാകില്ലെന്ന് അവര്‍ക്ക് ബോധ്യമായി.

അതിന്റെ അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വന്തമായി ഭൂരിപക്ഷം തികയ്ക്കാന്‍ വിഴിഞ്ഞം വാര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവരുടെ ഹിമാലയന്‍ ശ്രമം പോലും പരാജയപ്പെട്ടത്. ക്രൈസ്തവര്‍ക്ക് നിര്‍ണായക ഭൂരിപക്ഷമുള്ള വാര്‍ഡില്‍ യുഡിഎഫാണ് വിജയം കണ്ടത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

അതിനാല്‍ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമേ ഹിന്ദുക്കളിലെ പിന്നാക്ക സമുദായങ്ങളെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഇലക്ഷന്‍ വാര്‍ റൂമില്‍ കരുക്കള്‍ നീങ്ങുന്നത്. എസ്.സി, എസ്.ടി, ഈഴവ വിഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് കാവിപ്പാര്‍ട്ടിയുടെ നീക്കം. അത് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത് സിപിഎമ്മിനും ഇടതു മുന്നണിക്കുമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.