'ഇനി കളിക്കാന്‍ കഴിയില്ല'; വിരമിക്കല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്‌വാള്‍

'ഇനി കളിക്കാന്‍ കഴിയില്ല'; വിരമിക്കല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്‌വാള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ സൈന നെഹ്‌വാള്‍ വിരമിക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാല്‍മുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളുമാണ് വിരമിക്കലിന് കാരണമെന്നാണ് 35 കാരിയായ താരം അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സൈന നെഹ്‌വാള്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് താന്‍ കളി നിര്‍ത്തിയിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കായിക രംഗത്ത് എത്തിയതും ഇപ്പോള്‍ പോകുന്നതും. അതിനാല്‍ ഇക്കാര്യം മുന്‍കൂട്ടിപ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത്രയേയുള്ളൂ. തരുണാസ്ഥി പൂര്‍ണമായും നശിച്ചു. ആര്‍ത്രൈറ്റിസും ഉണ്ട്. അതിനാല്‍ തനിക്കിനി കളിക്കാന്‍ കഴിയില്ലെന്നും അത് ബുദ്ധിമുട്ടാണെന്ന് മാതാപിതാക്കളെയും പരിശീലകരെയും അറിയിച്ചു. സൈന ഇനി കളിക്കില്ലെന്ന് പതിയെ ആളുകളും തിരിച്ചറിയും. അതിനാല്‍ ഒരു പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്നും ഒരു പോഡ്കാസ്റ്റില്‍ താരം വ്യക്തമാക്കി.

മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച താരമാകാന്‍ ഒരു ദിവസം എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ കഠിനമായി പരിശീലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ പരിശീലിക്കുമ്പോഴേക്കും മുട്ട് വീര്‍ക്കുകയും പിന്നീട് പരിശീലനം തുടരാന്‍ പറ്റാത്ത അവസ്ഥയാവുകയും ചെയ്യുന്ന അവസ്ഥയാണ്.

2023 ലെ സിംഗപ്പുര്‍ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തില്‍ പങ്കെടുത്തത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ സൈന, ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. 2016 ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറില്‍ വലിയ ആഘാതമായത്. അതിന് ശേഷം 2017 ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും 2018 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എങ്കിലും മുട്ടിലെ അസുഖം വീണ്ടും വേട്ടയാടിയതോടെ കളി തുടരുക എന്നത് അസാധ്യമായി മാറുകയായിരുന്നു.

ഹരിയാന സ്വദേശിയായ സൈന നെഹ്‌വാള്‍ 2008 ല്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വിജയിച്ചതോടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. അതേ വര്‍ഷം ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 2009 ല്‍ അര്‍ജുന അവാര്‍ഡും 2010 ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.