ലണ്ടന്‍: ബ്രിട്ടനില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന ഇന്ത്യന്‍ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നൂറുകണക്കിന് പെണ്‍ ഭ്രൂണഹത്യകള്‍ നടന്നതായാണ് കണക്ക്. ആണ്‍കുട്ടികളോടുള്ള പ്രിയമാണ് ഈ ക്രൂരതയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.കെയിലെ 'ഡെയ്ലി മെയില്‍' നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2021-2025 കാലയളവില്‍ 118 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്നതാണ് ബ്രിട്ടനില്‍ ഇന്ത്യന്‍ അമ്മമാര്‍ക്ക് ജനിച്ച കുട്ടികളുടെ അനുപാതം. ഇത് ലിംഗാടിസ്ഥാനത്തിലുള്ള ഗര്‍ഭഛിദ്രങ്ങളുടെ തോത് തെളിയിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ അമ്മമാര്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നുവെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ഈ കണക്കെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ എന്നതാണ് ബ്രിട്ടനിലെ ദേശീയ ശരാശരി. 100 സ്ത്രീകള്‍ക്ക് 107 പുരുഷന്മാര്‍ എന്നതാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച ഉയര്‍ന്ന പരിധി. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച് ഇന്ത്യന്‍ വംശജരില്‍ 100 പെണ്‍കുട്ടികള്‍ക്ക് 118 ആണ്‍കുട്ടികള്‍ എന്ന നിലവിലെ അനുപാതം ശരാശരിയേക്കാള്‍ വളരെ കൂടുതലാണ് എന്നാണ്.
2021-22 വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിയുടെ ജനന അനുപാതം 100 പെണ്‍കുട്ടികള്‍ക്ക് 114 ആണ്‍കുട്ടികള്‍ എന്നതായിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് അല്‍പം കുറഞ്ഞ് 109:100 ആയി. എന്നാല്‍ 2023-24 ല്‍ 118:100 എന്ന നിലയിലേക്ക് ക്രമാധീതമായ വര്‍ധന ഉണ്ടായതായും 2024-25 ലും ഈ അനുപാതം അതേപടി തുടരുന്നതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം പെണ്‍ ഭ്രൂണഹത്യ നടത്താന്‍ സ്ത്രീകളെ കുടുംബക്കാര്‍ നിര്‍ബന്ധിക്കുന്ന പ്രവണത കൂടി വരികയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ വിലയുണ്ടാകുമെന്ന് സ്ത്രീകള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഗാര്‍ഹിക പീഡനത്തിനെതിരായ സംഘടനയായ ജീന ഇന്റര്‍നാഷണല്‍ സ്ഥാപക റാണി ബില്‍കു പറയുന്നു.
മൂന്നാമത് ആണ്‍കുട്ടി വേണമെന്നാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ രണ്ട് പെണ്‍മക്കളുള്ള ഇന്ത്യന്‍ മാതാപിതാക്കള്‍ മൂന്നാമത്തെ പെണ്‍കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യുന്നു എന്ന ഞെട്ടിക്കുന്ന വിവരവും ഇതിലുണ്ട്. യു.കെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യക്കാരുടെ മൂന്നാമത്തെ കുട്ടിയുടെ ശരാശരി ജനന അനുപാതം 113 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്നതാണ്.
2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ യു.കെയിലെ ആരോഗ്യ വകുപ്പ് നടത്തിയ പഠനം അനുസരിച്ച് ഇന്ത്യക്കാരുടെ മൂന്നാമത്തെ കുഞ്ഞിന്റെ ശരാശരി ജനന നിരക്ക് 100 പെണ്‍കുട്ടികള്‍ക്ക് 113 ആണ്‍കുട്ടികളാണ്. പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രം ചെയ്യുന്നതിന്റെ കാര്യത്തില്‍ 113:100 എന്ന ഈ അനുപാതം 400 ഗര്‍ഭഛിദ്രങ്ങള്‍ക്ക് തുല്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ലിംഗ ഭേദം ഗര്‍ഭഛിദ്രത്തിന് നിയമപരമായ കാരണമല്ലെന്ന് യു.കെ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദശത്തില്‍ പറയുന്നു. 1967 ലെ ഗര്‍ഭഛിദ്ര നിയമപ്രകാരം ജനിച്ച കുഞ്ഞിന് ഗുരുതര അപകട സാധ്യത ഉണ്ടെന്നും ഗര്‍ഭം 24-ാം ആഴ്ച പിന്നിട്ടിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്താല്‍ രണ്ട് രജിസ്റ്റേഡ് ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. ഗുരുതര ശാരീരിക-മാനസിക അസാധാരണത്വങ്ങളും ഈ അപകട സാധ്യതകളില്‍ ഉള്‍പ്പെടുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.