സിഡ്നി: ഓസ്‌ട്രേലിയയിൽ ദയാവധം നിയമവിധേയമായതിന് ശേഷം സ്വന്തം മരണം തിരഞ്ഞെടുത്തവരുടെ എണ്ണത്തിൽ വൻ വർധന. 2019 ൽ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ 7200 ലധികം പേരാണ് ഈ മാർഗത്തിലൂടെ ജീവൻ വെടിഞ്ഞത്. 'ദി ഓസ്‌ട്രേലിയൻ' പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 3329 പേർ ദയാവധം തിരഞ്ഞെടുത്തു.
രാജ്യത്തെ ആകെ മരണങ്ങളിൽ ഒന്ന് മുതൽ മൂന്ന് ശതമാനം വരെ ഇപ്പോൾ ദയാവധമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഈ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
ദയാവധം തിരഞ്ഞെടുക്കുന്നവരിൽ ഭൂരിഭാഗവും ക്യാൻസർ രോഗികളാണ്. മോട്ടോർ ന്യൂറോൺ ഡിസീസ് പോലുള്ള ഗുരുതരമായ നാഡീരോഗങ്ങൾ ബാധിച്ചവരും ഇതിൽ ഉൾപ്പെടുന്നു.
70 നും 79 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായും മരണം വരിക്കാൻ അപേക്ഷിക്കുന്നത്. വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലുമുള്ള അപേക്ഷകരിൽ 54 ശതമാനവും പുരുഷന്മാരാണ്.
2023 ജനുവരിയിൽ മാത്രം നിയമം നിലവിൽ വന്ന ക്വീൻസ്‌ലാൻഡാണ് മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് (2110 മരണം). നിയമം ലളിതമായതാണ് ഇവിടെ സംഖ്യ ഉയരാൻ കാരണം. 2019 മുതൽ നിയമം നിലവിലുള്ള വിക്ടോറിയയിൽ 1683 പേരും 2023 നവംബറിൽ നിയമം വന്ന ന്യൂ സൗത്ത് വെയിൽസിൽ 1426 പേരും മരിച്ചു.
മരണസംഖ്യ കുതിച്ചുയരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ സഭ രംഗത്തെത്തി. വിദേശ രാജ്യങ്ങളിൽ കണ്ടതുപോലെ ദയാവധം ഒരു സാധാരണ സംഭവമായി മാറുന്നത് അപകടകരമാണെന്ന് സിഡ്നി അതിരൂപത വക്താവ് മുന്നറിയിപ്പ് നൽകി.
ഗ്രാമീണ മേഖലകളിൽ മതിയായ ചികിത്സയോ സാന്ത്വന പരിചരണമോ ലഭിക്കാത്തതുകൊണ്ടാണോ രോഗികൾ ദയാവധം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നത് എന്ന ചോദ്യവും സഭ ഉയർത്തുന്നുണ്ട്. ന്യൂ സൗത്ത് വെയിൽസിലെ ദയാവധങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഗ്രാമീണ മേഖലകളിലാണെന്നത് ഈ സംശയത്തിന് ആക്കം കൂട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.